സ്റ്റേഡിയത്തിലേക്ക് ആരാധകരെ ചെളിയിലൂടെ കടത്തിവിട്ട സംഭവം; ക്ഷമ ചോദിച്ച് ബ്ലാസ്റ്റേഴ്സ്

Published : Dec 13, 2022, 11:31 PM ISTUpdated : Dec 13, 2022, 11:45 PM IST
സ്റ്റേഡിയത്തിലേക്ക് ആരാധകരെ ചെളിയിലൂടെ കടത്തിവിട്ട സംഭവം; ക്ഷമ ചോദിച്ച് ബ്ലാസ്റ്റേഴ്സ്

Synopsis

ഇനിയുള്ള മത്സരങ്ങളിൽ ഇത്തരം വീഴ്ച ആവർത്തിക്കില്ലെന്നു കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ പ്രസ്താവനയില്‍ പറയുന്നു. ഞായറാഴ്ച നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗലൂരു എഫ് സി മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ കാണികളാണ് സ്റ്റേഡിയത്തിന്‍റെ പ്രവേശനവഴിയില്‍ കെട്ടി നിന്ന ചെളിവെളളത്തില്‍ ചവിട്ടി പോവേണ്ടിവന്നത്.  

കൊച്ചി: സ്റ്റേഡിയത്തിലേക്ക് ആരാധകരെ ചെളിയിലൂടെ കടത്തിവിട്ട സംഭവത്തില്‍ ആരാധകരോട് ക്ഷമ ചോദിച്ചു കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്. കനത്ത മഴ കാരണമാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കാന്‍ ആരാധകര്‍ക്കായി മറ്റൊരു പ്രവേശന മാര്‍ഗം ഒരുക്കാന്‍ കഴിയാഞ്ഞതെന്ന് ബ്ലാസ്റ്റേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. ആരാധകരെ ചെളിയിലൂടെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ച സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരോട് ക്ഷമാപണം നടത്തിയത്.ഇനിയുള്ള മത്സരങ്ങളിൽ ഇത്തരം വീഴ്ച ആവർത്തിക്കില്ലെന്നു കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ പ്രസ്താവനയില്‍ പറയുന്നു.

കനത്ത മഴയില്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് അടച്ചിട്ട് ചെളിക്കുണ്ടിലൂടെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടത്. ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ചപ്പോഴും 26,000 പേര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് കമ്പിവേലി കെട്ടി അടച്ചിട്ടാണ് കനത്ത മഴയിലും ചെളിയിലൂടെ ആളുകളെ കടത്തിവിട്ടത്. നടന്നുപോകുന്ന വഴിയില്‍ ഒരു കല്ലുപോലും ഇട്ട് നല്‍കാന്‍ തയ്യാറായില്ല.

ചാറ്റല്‍മഴപെയ്താല്‍പോലും കൊച്ചിയില്‍ ആദ്യം വെള്ളക്കെട്ട് ഉണ്ടാകുന്നത് സ്റ്റേഡിയം പരിസരത്താണ്. വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷനോടും ജില്ലാ ഭരണകൂടത്തോടും ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിടുണ്ട്. ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കൊച്ചിയില്‍ കാണികളില്‍ നിന്ന് ഈടാക്കുന്നത്. മത്സരത്തിന് സ്റ്റേഡിയം വിട്ട് നല്‍കി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്ന ജിസിഡിഎയും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല.

എണ്ണിയെണ്ണി കണക്കുവീട്ടല്‍; ബംഗളൂരുവിനെ സ്വന്തം കാണികള്‍ക്ക് മുന്നിൽ തളച്ച് ബ്ലാസ്റ്റേഴ്സ്, ആരാധകര്‍ക്ക് ആഘോഷം

ഞായറാഴ്ച നടന്ന ബ്ലാസ്റ്റേഴ്സ് -ബെംഗലൂകു എഫ് സി മത്സരത്തിനിടയും കനത്ത മഴ പെയ്തിരുന്നു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 3-2ന്‍റെ ആവേശ ജയം നേടി തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കിയിരുന്നു. ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്‍റെ ഗോളുകള്‍ സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസും പേരില്‍ കുറിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2025 അവസാനിക്കുമ്പോഴും ഗോളടിമേളം തുടര്‍ന്ന് ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോയും
സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും