
കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യഗോളിനായുള്ള കാത്തിരിപ്പി് കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ 72-ാം മിനിറ്റിലായിരന്നു അവസാനമായത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ ഓവര്‍ ഹെഡ് പാസില്‍ നിന്ന് മഞ്ഞപ്പടയുടെ വിശ്വസ്തനായ അഡ്രിയാന്‍ ലൂണ ഈസ്റ്റ് ബംഗാള്‍ വല കുലുക്കിയപ്പോള്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍ ആദ്യഗോളിന്‍റെ ആവേശ പ്രകടനമായിരുന്നില്ല ആരാധകര്‍ ലൂണയുടെ മുഖത്ത് കണ്ടത്. കൈയില്‍ പച്ചകുത്തിയിട്ടുള്ള മകള്‍ ജൂലിയേറ്റയുടെ ചിത്രത്തിന് നേരെ വിരല്‍ചൂണ്ടി കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി കരയുന്ന അഡ്രിയാന്‍ ലൂണയെന്ന പിതാവിനെയായിരുന്നു. സീസണിലെ ആദ്യ ഗോള്‍ ലൂണ സമര്‍പ്പിച്ചതും മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആറു വയസുകാരി മകള്‍ ജൂലിയേറ്റക്കായിരുന്നു.
ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് സമൂഹമധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലൂണ കുറിച്ചിരുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ലൂണയായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി തുടങ്ങിവെച്ചതും ലൂണ തന്നെയായിരുന്നു. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നിയുടെ ഇരട്ട ഗോളുകളാണ് ആധികാരിക ജയം സമ്മാനിച്ചത്.
ഐഎസ്എല്‍: മഞ്ഞപ്പടയുടെ യുക്രൈന്‍ മിസൈല്‍, ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് അരങ്ങേറി
പകരക്കാരനായി ഇറങ്ങി 82ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡുയര്‍ത്തിയ കലിയുസ്‌നി രണ്ട് മിനിറ്റിനകം യുക്രൈന്‍ മിസൈലിനെ അനുസ്മരിപ്പിക്കുന്ന ലോംഗ് റേഞ്ചറിലൂടെ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്‍റെ ജയമുറപ്പിച്ചു. 87-ാം മിനിറ്റില്‍ അലക്സി ലിമയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ആശ്വാസ ഗോള്‍ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!