കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ അഡ്രിയാന്‍ ലൂണക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചത് വാസ്ക്വസും ഡയസുമായിരുന്നു.

കൊച്ചി: കൊവിഡ് ഇടവേളക്കുശേഷം കൊച്ചിയില്‍ വീണ്ടും മഞ്ഞക്കടലിരമ്പത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ ആരാധകരുടെ പ്രധാന ആശങ്ക മുന്നേറ്റനിരയില്‍ ആരാകും ആല്‍വാരോ വാസ്ക്വസിനും ഹോര്‍ഹെ പേരേര ഡയസിനും പകരക്കാരാകുക എന്നതായിരുന്നു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ അഡ്രിയാന്‍ ലൂണക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചത് വാസ്ക്വസും ഡയസുമായിരുന്നു.

എന്നാല്‍ കടുക്കനിട്ടവന്‍ പോയാല്‍ കമ്മലിട്ടവന്‍ വരുമെന്ന് വിശ്വാസം കോച്ച് ഇവാന്‍ വുകാമനോവിച്ചിനുണ്ടായിരുന്നു. അതാണ് യുക്രൈനില്‍ നിന്നെത്തിയ മധ്യനിരതാരം ഇവാന്‍ കലിയുസ്‌നി. ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനായി പകരക്കാരനായി ഇറങ്ങിയ എണ്ണം പറഞ്ഞ രണ്ട് ഗോളുകലിലബടെ സൂപ്പര്‍ സബ്ബായി മാറി താരം. യുക്രൈനിയിന്‍ ക്ലബ്ബായി എഫ് കെ ഒലെക്സാണ്ട്രിയയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ ഒരു വര്‍ഷ കരാറിലാണ് കലിയുസ്‌നി ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ എത്തിയത്.

ഐഎസ്എല്‍: മഞ്ഞപ്പടയുടെ യുക്രൈന്‍ മിസൈല്‍, ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് അരങ്ങേറി

യുക്രൈനിന്‍റെ അണ്ടര്‍ 17, അണ്ടര്‍ 18 ടീമുകള്‍ക്ക് കളിച്ചിട്ടുള്ള 24കാരനായ കലിയുസ്‌നിക്ക് എഫ് കെ ഒലെക്സാണ്ട്രിയയില്‍ 2025വരെ കരാറുണ്ട്. ക്ലബ്ബിനായി ഇതുവരെ ആറ് മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോളൊന്നും കലിയുസ്‌നി നേടിയിരുന്നില്ല. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയപ്പോഴാകട്ടെ കലിയുസ്‌നി ബ്ലാസ്റ്റേഴ്സിന്‍റെ കലാഷ്നിക്കോവായി ഈസ്റ്റ് ബംഗാളിന്‍റെ നെഞ്ചത്ത് രണ്ട് തവണ നിറയൊഴിച്ചു.

വുകോമാനോവിച്ച്, കോണ്‍സ്റ്റന്റൈനെതിരെ; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പരിശീലകര്‍ തമ്മിലുള്ള പോരാട്ടം

അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ മുന്നിലായിരുന്നെങ്കിലും അത്ര സേഫല്ലാത്ത ഒരു ഗോള്‍ ലീഡിനെ ആദ്യം രണ്ടാക്കിയത് കലിയുസ്‌നി ആണ്. പിന്നീട് ഒരു ഗോള്‍ തിരിച്ചടിച്ച ഈസ്റ്റ് ബംഗാള്‍ അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി കൈ മെയ് മറന്നു പൊരുതുമെന്ന ആരാധകരുടെ ആശങ്കക്കിടെയാണ് ബോക്സിന് പുറത്തുനിന്നൊരു ലോംഗ് റേഞ്ചറിലൂടെ കലിയുസ്‌നി അവരുടെ കഥ കഴിച്ചത്. വരും മത്സരങ്ങളിലും കലിയുസ്‌നി പകരക്കരനാവുമോ അതോ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടുമോ എന്നെ ഇനി അറിയേണ്ടതുള്ളു. എന്തായാലും കൊച്ചിയെ മഞ്ഞക്കടലാക്കിയ ആരാധകക്കൂട്ടത്തിന് ആഘോഷിക്കാനുള്ള വക നല്‍കിയാണ് ലൂണയും സംഘവും ഗ്രൗണ്ട് വിട്ടത്.