ഓണ്‍ ഗോള്‍ ആദ്യം ഒഡിഷ എഫ്‌സിയെ ചതിച്ചു; ഇഞ്ചുറിടൈമില്‍ വലകുലുക്കി മുംബൈ സിറ്റിക്ക് ആദ്യ ജയം

Published : Oct 15, 2022, 09:30 PM ISTUpdated : Oct 15, 2022, 09:38 PM IST
ഓണ്‍ ഗോള്‍ ആദ്യം ഒഡിഷ എഫ്‌സിയെ ചതിച്ചു; ഇഞ്ചുറിടൈമില്‍ വലകുലുക്കി മുംബൈ സിറ്റിക്ക് ആദ്യ ജയം

Synopsis

ശുഭം സാംരംഗിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ മുംബൈ ഇഞ്ചുറിടൈമില്‍ ബിപിന്‍ സിംഗിലൂടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു

മുംബൈ: ഐഎസ്എല്ലില്‍ ഓണ്‍ഗോളിന് പിന്നാലെ മിന്നും ഫിനിഷിംഗുമായി സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത രണ്ട് ഗോളിലാണ് ഒഡിഷ എഫ്‌സിക്കെതിരെ മുംബൈ സ്വന്തം മൈതാനത്ത് ജയിച്ചുകയറിയത്. ശുഭം സാംരംഗിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ മുംബൈ ഇഞ്ചുറിടൈമില്‍ ബിപിന്‍ സിംഗിലൂടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് 3-3ന് മുംബൈ സമനില വഴങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ ജംഷഡ്‌പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ഒഡിഷ തോല്‍പിച്ചിരുന്നു. 

മുംബൈ ഫുട്ബോള്‍ അരീനയില്‍ അതിശക്തമായ ലൈനപ്പുകളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. മുംബൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വീഴാതിരുന്നതോടെ 45 മിനുറ്റുകള്‍ വല കുലുങ്ങാതെ അവസാനിച്ചു. എന്നാല്‍ രണ്ടാംപകുതിയില്‍ 50-ാം മിനുറ്റില്‍ ലാലിയന്‍സ്വാല ചാങ്‌തെയുടെ ഷോട്ട് ഒഡിഷ ഗോളി അമരീന്ദര്‍ സിംഗ് കാലുകൊണ്ട്  തട്ടിത്തെറിപ്പിച്ചെങ്കിലും പ്രതിരോധതാരം ശുഭം സാംരംഗിയുടെ കാലില്‍ത്തട്ടി തിരികെ വലയിലേക്ക് പ്രവേശിക്കുകയായിരുന്നു. പിന്നാലെ തുല്യതക്കായി ഒഡീഷ നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഇഞ്ചുറിടൈമില്‍(90+5) സ്റ്റെവര്‍ട്ടിന്‍റെ അപ്രതീക്ഷിത നീക്കത്തിന് ശേഷം ബിപിന്‍ സിംഗിന്‍റെ ഫിനിഷിംഗില്‍ മുംബൈ ആദ്യ ഹോം മത്സരം വിജയിക്കുകയായിരുന്നു. 

ജയത്തോടെ മുംബൈ സിറ്റി നാല് പോയിന്‍റുമായി രണ്ടാംസ്ഥാനത്തെത്തി. ഇത്രതന്നെ പോയിന്‍റുമായി ഗോള്‍ ആനുകൂല്യത്തില്‍ ഹൈദരാബാദ് എഫ്‌സിയാണ് തലപ്പത്ത്. ഒരു ജയമുള്ള ഒഡിഷ ഏഴാം സ്ഥാനക്കാരാണ്. 

നാളെ കൊച്ചി മഞ്ഞക്കടല്‍

ഐഎസ്എല്‍ സീസണിലെ രണ്ടാംജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. കൊല്‍ക്കത്തന്‍ കരുത്തരായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടത്തിന്‍റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ ബഗാൻ രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദ പോരാട്ടം ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരം ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 

ടീമിന്‍റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും ബസില്‍; കേരള ബ്ലാസ്റ്റേഴ്സ് വാഹന ഉടമയോട് വിശദീകരണം തേടി എംവിഡി

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്