
കൊച്ചി: ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് നാളെ സീസണിലെ നാലാം മത്സരത്തിനിറങ്ങും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. സീസണില്‍ ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള രണ്ട് കളിയിലും തിരിച്ചടിയേറ്റിരുന്നു. എടികെ മോഹൻ ബഗാനെതിരെ കൊച്ചിയിലും ഒഡിഷ എഫ് സിക്കെതിരെ ഭുവനേശ്വറിലും ആദ്യം ഗോൾ നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോൽവി.
പ്രതിരോധനിരയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിനെ കുഴിയിൽ ചാടിക്കുകയായിരുന്നു. മധ്യനിരയും മുന്നേറ്റനിരയും പ്രതീക്ഷിച്ച മികവിലേക്ക് എത്താത്തതും തിരിച്ചടിയാണ്.
ഇത്തവണ തോൽവി നേരിട്ടിട്ടില്ലാത്ത മുംബൈ സിറ്റിയെ കീഴടക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാവില്ല. ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായിരുന്ന ഹോർജെ പെരേര ഡിയാസ്, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു എന്നിവരുൾപ്പെട്ടതാണ് മുംബൈയുടെ നിര. കഴിഞ്ഞ സീസണിലെ മികവിനെക്കുറിച്ച് പറഞ്ഞിരുന്നിട്ട് കാര്യമില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് താരങ്ങളെ ഓർമിപ്പിക്കുന്നു. മൂന്ന് കളിയിൽ ആറ് ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് എട്ട് ഗോളാണ് വഴങ്ങിയത്. ചോർച്ച അടയ്ക്കുകയാവും മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന വെല്ലുവിളി.
ഇന്ന് ബെംഗളൂരു-ഒഡിഷ പോരാട്ടം
ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സി ഇന്ന് ഒഡിഷ എഫ്സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച ആത്മവിശ്വാസത്തോടെയാണ് ഒഡിഷ സ്വന്തം തട്ടകത്തില്‍ വീണ്ടും ഇറങ്ങുന്നത്. ബെംഗളൂരു അവസാന മത്സരത്തിൽ ഹൈദരാബാദിനോട് ഒറ്റ ഗോളിന് തോറ്റിരുന്നു. മൂന്ന് കളിയിൽ ആറ് പോയിന്‍റുള്ള ഒഡിഷ ലീഗിൽ മൂന്നും നാല് പോയിന്‍റുള്ള ബെംഗളൂരു അഞ്ചും സ്ഥാനത്താണ്. മൂന്ന് പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്.
തന്ത്രങ്ങളുടെ ചാവി പോയ സാവി, ഒഴിയാത്ത ബയേണ്‍ ബാധ; ബാഴ്സയുടെ തോല്‍വിക്ക് കാരണങ്ങള്‍