ലിയോണൽ മെസിയുടെ കരിയറിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു 2019-20 സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണിനെതിരെ നേരിട്ട തോൽവി

ബാഴ്സലോണ: സൂപ്പർതാരം ലിയോണൽ മെസി ടീം വിട്ടശേഷം തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ബയേൺ മ്യൂണിക്ക് തന്നെയാണ് ഇത്തവണയും വില്ലനായത്.

ലിയോണൽ മെസിയുടെ കരിയറിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു 2019-20 സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണിനെതിരെ നേരിട്ട തോൽവി. രണ്ടിനെതിരെ എട്ട് ഗോളിനാണ് അന്ന് ബയേൺ ബാഴ്സയെ മുക്കിയത്. മെസി ടീം വിട്ടതോടെ പ്രതാപം നഷ്ടപ്പെട്ട ബാഴ്സലോണ കഴിഞ്ഞ സീസണിലെത്തിയത് അതേ ബയേണിന്‍റെ ഗ്രൂപ്പിൽ. ജർമ്മൻ വമ്പന്മാർ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ ബെൻഫിക്കയ്ക്ക് പിന്നിലായ ബാഴ്സ യൂറോപ്പ ലീഗിലേക്ക് വീണു.

യൂറോപ്പ ലീഗിലും ക്വാർട്ടറിൽ മടങ്ങാനായിരുന്നു ബാഴ്സയുടെ വിധി. ഇതിഹാസ താരം സാവി ചുമതലയേറ്റെടുത്തതോടെ ടീമിനെ അഴിച്ചുപണിതെങ്കിലും ലാ ലിഗയിലെ നേട്ടം ചാമ്പ്യൻസ് ലീഗിൽ ആവർത്തിക്കാനായില്ല. ഇത്തവണയും ബയേണിനോട് തോറ്റ ബാഴ്സലോണ ഇന്‍റർ മിലാനോട് എവേ മത്സരത്തിൽ തോറ്റതാണ് കൂടുതൽ പ്രതിസന്ധിയായത്. ക്യാംപ്നൗവിൽ ഇന്‍ററിനെ നേരിട്ടപ്പോൾ
മൂന്ന് ഗോൾ വീതമടിച്ച് ബാഴ്സ സമനില വഴങ്ങുകയും ചെയ്തു. അഞ്ചാംറൗണ്ടിൽ ദുർബലരായ വിക്ടോറിയക്ക് ഇന്‍ററിനെ പിടിച്ചുകെട്ടാനാകാതെ വന്നതോടെ തുടർച്ചയായ രണ്ടാം സീസണിലും കറ്റാലന്മാർക്ക് നാണക്കേട് വന്നുചേരുകയായിരുന്നു.

ഇന്നത്തെ നിർണായക മത്സരത്തില്‍ വിക്ടോറിയ പ്ലാസനെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ച ഇന്‍റർ മിലാൻ ബയേണിനൊപ്പം നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയായിരുന്നു. തൊട്ടുപിന്നാലെ നടന്ന മത്സരത്തില്‍ ബയേണിനോട് ബാഴ്സ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോറ്റു. ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍ 15 പോയിന്‍റുമായി ബയേണ്‍ ചാമ്പ്യന്‍മാരായപ്പോള്‍ രണ്ടാമതുള്ള ഇന്‍ററിന് 10 പോയിന്‍റാണുള്ളത്. മൂന്നാമതുള്ള ബാഴ്സ വെറും നാല് പോയിന്‍റിലൊതുങ്ങി. വിക്ടോറിയ പ്ലാസന്‍ അക്കൗണ്ട് തുറന്നില്ല. 

ഇന്‍ററും ബയേണും ചേർന്ന് തീർപ്പാക്കി; ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ പുറത്ത്