സമ്മര്‍ദമില്ല, കൊച്ചിയിലെ മഞ്ഞക്കടലില്‍ പന്ത് തട്ടാന്‍ കാത്തിരിക്കുന്നു: ഇവാൻ വുകോമനോവിച്ച്

By Jomit JoseFirst Published Oct 5, 2022, 9:39 AM IST
Highlights

കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ കിരീട പ്രതീക്ഷയുണ്ടെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു

കൊച്ചി: ഐഎസ്എൽ ഒൻപതാം സീസണിന് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് സമ്മർദമില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. കൊച്ചിയില്‍ ആരാധകർക്ക് മുന്നിൽ കളിക്കാൻ ടീം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വുകോമനോവിച്ച് പറഞ്ഞു.

അവിശ്വസനീയമായിരുന്നു കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പ്. എല്ലാവരും എഴുതിത്തള്ളിയ ബ്ലാസ്റ്റേഴ്‌സിനെ കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ ഫൈനൽ വരെ എത്തിച്ചു. ഇത്തവണ പ്രതീക്ഷയുടെ അമിത ഭാരം ടീമിന് സമ്മർദമുണ്ടാക്കുന്നില്ലെന്ന് വുകോമനോവിച്ച് പറയുന്നു. യുവതാരങ്ങളും പുതിയ വിദേശ താരങ്ങളും ഒത്തുചേർന്ന ബ്ലാസ്റ്റേഴ്‌സ് ശരിയായ ദിശയിലൂടെയാണ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ആരാധകർക്ക് മുന്നിൽ പന്ത് തട്ടാനായി ടീം ആവേശത്തോട് കാത്തിരിക്കുകയാണെന്നും വുകോമനോവിച്ച് പുതിയ സീസണിന് മുന്നോടിയായി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ കിരീട പ്രതീക്ഷയുണ്ടെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 'പ്രധാനപ്പെട്ട ചില താരങ്ങൾ ടീമിൽ നിന്ന് പോയത് തിരിച്ചടിയല്ല. സന്തുലിതമായ ടീമാണ് ബ്ലാസ്റ്റേഴ്സിന്‍റേത്. ആരാധകരുടെ ശക്തമായ പിന്തുണയാണ് ടീമിന്‍റെ ശക്തി' എന്നുമായിരുന്നു അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വുകോമനോവിച്ചിന്‍റെ വാക്കുകള്‍. 

ഐഎസ്എൽ കിക്കോഫിന് രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് മഞ്ഞപ്പട. ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് 9-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം. കൊവിഡ് ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ പത്ത് ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഇത് മഞ്ഞപ്പട ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. 

ബ്ലാസ്റ്റേഴ്‌സിനെ വ്യത്യസ്‌തമാക്കുന്നത് ഇതൊക്കെ; മനസുതുറന്ന് വിക്‌ടർ മോംഗിൽ, സഹലിന് പ്രശംസ

click me!