ഐഎസ്എല്ലിൽ എടികെ, ഒഡിഷ ടീമുകളുടെ ഭാഗമായിരുന്ന വിക്‌ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ്

കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് സ്‌പാനിഷ് താരം വിക്‌ടർ മോംഗിൽ. കൂട്ടായ്‌മയും ടീം സ്‌പിരിറ്റുമാണ് ബ്ലാസ്റ്റേഴ്‌സിനെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത്. നന്നായി കളിക്കുക എന്നത് മാത്രമാണ് കിരീടം നേടാനുള്ള വഴി. ഐഎസ്എൽ വന്നതോടെ ഇന്ത്യൻ താരങ്ങൾ ഏറെ മെച്ചപ്പെട്ടുവെന്നും മോംഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

ഐഎസ്എല്ലിൽ എടികെ, ഒഡിഷ ടീമുകളുടെ ഭാഗമായിരുന്ന വിക്‌ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ്. കഴി‍ഞ്ഞ തവണ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട കിരീടം ചൂടാൻ ഇത്തവണ ടീമിന് സാധ്യതകളേറെയെന്ന് താരം പറയുന്നു. 'എല്ലാ മത്സരങ്ങളും നന്നായി കളിക്കുക എന്നത് മാത്രമാണ് വിജയത്തിലേക്കുള്ള വഴി. ഫുട്ബോളിന്‍റെ എല്ലാ സ്‌പന്ദനങ്ങളുമറിയാവുന്ന കോച്ച് ഇവാൻ വുകോമനോവിച്ചാണ് ടീമിലെ അവിഭാജ്യ ഘടകം. വിദേശ താരങ്ങൾക്കൊപ്പം കളിക്കുന്നതിലൂടെ സഹൽ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെ നിലവാരം ഉയർന്നിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന് ഐഎസ്എൽ ഏറെ ഗുണം ചെയ്യുമെന്നും താരം പറ‍ഞ്ഞു. ആരാധകരുടെ ഊഷ്മളമായ സ്വീകരണത്തിനായി കാത്തിരിക്കുകയാണെന്നും' മോംഗിൽ കൂട്ടിച്ചേർത്തു.

പരിക്കുമാറി സഹല്‍

ഐഎസ്എൽ കിക്കോഫിന് രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. സീസണ്‍ ആരംഭിക്കാനിരിക്കേ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസവാർത്തയുണ്ട്. പരിക്കിൽ നിന്ന് മുക്തനാവുന്ന മലയാളി താരം സഹൽ അബ്ദുൽ സമദ് പരിശീലനം പുനരാരംഭിച്ചു. വിയറ്റ്നാമിന് എതിരായ ഇന്ത്യയുടെ സന്നാഹമത്സരത്തിനിടെയാണ് സഹലിന്‍റെ കാലിന് പരിക്കേറ്റത്. വിശദപരിശോധനയിൽ സഹലിന്‍റെ കാലിന് പൊട്ടലില്ലെന്ന് വ്യക്തമായിരുന്നു. വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെതിരെ സഹൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ തലനാരിഴയ്ക്ക് കൈവിട്ട കിരീടം സ്വന്തമാക്കുകയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം. കൊച്ചിയില്‍ മത്സരങ്ങള്‍ തിരിച്ചെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. 

ചാമ്പ്യൻസ് ലീഗ്: രണ്ടാം തോൽവി രുചിച്ച് ബാഴ്‌സ; നാപ്പോളിക്കും ലിവര്‍പൂളിനും ബയേണിനും തകര്‍പ്പന്‍ ജയം