Latest Videos

എടികെ മോഹൻ ബഗാനോട് പകരംവീട്ടണം, ബ്ലാസ്റ്റേഴ്‌സ് നാളെ വീണ്ടും മൈതാനത്ത്; കലൂര്‍ മഞ്ഞക്കടലാവും

By Jomit JoseFirst Published Oct 15, 2022, 7:40 PM IST
Highlights

ഐഎസ്എല്‍ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കിരീടസ്വപ്‌നങ്ങള്‍ രണ്ടുതവണ തച്ചുടച്ച ടീമാണ് എടികെ മോഹൻ ബഗാൻ

കൊച്ചി: ഐഎസ്എല്ലില്‍ കലൂര്‍ സ്റ്റേഡിയം നാളെ വീണ്ടും മഞ്ഞക്കടലാരവമാകും. സീസണിലെ രണ്ടാംജയം ലക്ഷ്യമിട്ട് തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. കൊല്‍ക്കത്തന്‍ കരുത്തരായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന് കിക്കോഫാവുക. ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടത്തിന്‍റെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്.

ഐഎസ്എല്‍ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കിരീടസ്വപ്‌നങ്ങള്‍ രണ്ടുതവണ തച്ചുടച്ച ടീമാണ് എടികെ മോഹൻ ബഗാൻ. 2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലുമായിരുന്നു ഇത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ജയിച്ച് തുടങ്ങിയപ്പോൾ എടികെ ബഗാന് ആദ്യ കളിയിൽ അടിതെറ്റി. ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിപ്പോള്‍ എടികെ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റു. 

കൊച്ചിയിലെ ആരവങ്ങളിലേക്ക് എടികെ മോഹൻ ബഗാൻ എത്തുമ്പോൾ ഇരുടീമുകളും മുഖാമുഖം വരുന്ന ഇരുപതാമത്തെ മത്സരമാണിത്. മോഹൻ ബഗാനുമായി ലയിക്കും മുൻപ് എടികെയും ബ്ലാസ്റ്റേഴ്‌സും പതിനാല് കളിയിൽ ഏറ്റുമുട്ടി. അഞ്ച് കളിയിൽ എടികെയും നാല് കളിയിൽ ബ്ലാസ്റ്റേഴ്‌സും ജയിച്ചു. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പതിനാറും എടികെ പതിനഞ്ചും ഗോൾ നേടി. മോഹൻ ബഗാനുമായി ലയിച്ച ശേഷം ബ്ലാസ്റ്റേഴ്സുമായി നാല് കളിയിലാണ് കൊൽക്കത്തൻ ടീം ഏറ്റുമുട്ടിയത്. ഇക്കാലയളവിൽ എടികെ ബഗാന് വ്യക്തമായ ആധിപത്യമുണ്ട്. നാല് കളിയിൽ മൂന്നിലും എടികെ ബഗാൻ ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത് ഒരു സമനില മാത്രം. 

കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ ബഗാൻ രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദ പോരാട്ടം ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. അതിനാല്‍തന്നെ കണക്കുകള്‍ വീട്ടാനുറച്ചാണ് ഇവാന്‍ വുകോമനോവിച്ചും സംഘവും നാളെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇറങ്ങുക. 

കൊച്ചിയിലെ കാണികളാണ് ശക്തി! എതിരാളികള്‍ വിറയ്ക്കും; ബഗാനെതിരായ മത്സരത്തിന് മുമ്പ് വുകോമാനോവിച്ച്

click me!