
ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള തീരുമാനം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ് എസ് ഡി എല്‍) അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും എഫ് എസ് ഡി എല്ലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും ഫെഡറേഷന്‍റെ ഭാഗത്തു നിന്നുണ്ടായില്ല. സംപ്രേഷണ കരാറനുസരിച്ച് എഫ് എസ് ഡി എൽ വര്‍ഷം 50 കോടി രൂപ ഫെഡറേഷന് നല്‍കിയിരുന്നു. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെ വാണിജ്യ അവകാശങ്ങള്‍ എഫ് എസ് ഡി എല്ലിന് ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍ നിലവിലുണ്ടായിരുന്നത്.
ഇന്ത്യൻ ഫുട്ബോളിനെ പ്രഫഷണലാക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് ഐഎസ്എല്‍ തുടങ്ങിയത്.2019ല്‍ ഐ ലീഗിനെ മറികടന്ന് ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഫെഡറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കേസുകള്‍ കോടതിയില്‍ തുടരുന്നതും ഫെഡറേഷന്‍റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീം കോടതി നിര്ഡദേശവും കരാര്‍ പുതുക്കുന്നതിന് തടസമായിരുന്നു.
നേരത്തെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2025-26 സീസണിനായുള്ള വാർഷിക കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ ഒഴിവാക്കിയിരുന്നു. വിവിധ പ്രായക്കാർക്കുള്ള ആഭ്യന്തര ടൂർണമെന്‍റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്‌എല്ലിനെ മത്സര കലണ്ടറിൽ ഉൾപ്പെടുത്താതിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!