സാമ്പത്തിക പ്രതിസന്ധി; ബാഴ്സയെ കരകയറ്റാന്‍ ഈ സീസണില്‍ സാവിക്കുമാവില്ല

By Web TeamFirst Published Nov 13, 2021, 10:12 PM IST
Highlights

തുടർതോൽവികൾ, സൂപ്പർതാരങ്ങളുടെ കൂടുമാറ്റം. സാമ്പത്തിക പ്രതിസന്ധി.ബാഴ്സലോണയെ കരകയറ്റാൻ സാവി നൗകാംപിലെത്തിയെങ്കിലും ഖത്തർ ക്ലബ് അൽസാദിലെ സമൃദ്ധിയാകില്ല ഇനിയുള്ള ദിവസങ്ങളിൽ.

ബാഴ്സലോണ: സാവി ഹെർണാണ്ടസ്(Xavi Hernandez) പരിശീലകനായി എത്തിയെങ്കിലും ബാഴ്സലോണയിലെ(FC Barcelona) പ്രതിസന്ധി ഉടൻ തീരില്ല. ഈ സീസണിൽ പുതിയ താരങ്ങളെ എത്തിക്കാൻ ശ്രമമുണ്ടെങ്കിലും വലിയ തുക മാറ്റിവയ്ക്കാനാകാത്ത പ്രതിസന്ധിയിലാണ് ക്ലബ്ബ്.

തുടർതോൽവികൾ, സൂപ്പർതാരങ്ങളുടെ കൂടുമാറ്റം. സാമ്പത്തിക പ്രതിസന്ധി.ബാഴ്സലോണയെ കരകയറ്റാൻ സാവി നൗകാംപിലെത്തിയെങ്കിലും ഖത്തർ ക്ലബ് അൽസാദിലെ സമൃദ്ധിയാകില്ല ഇനിയുള്ള ദിവസങ്ങളിൽ. ഇഷ്ടടീമിനെ കൊണ്ടുവരാൻ സാവി നിർദേശങ്ങൾ വച്ചെങ്കിലും ഒരു കോടി യൂറോ മാത്രമാണ് താരങ്ങളെ വാങ്ങാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് അനുവദിക്കുക.

രണ്ട് കോടി യൂറോ തീരുമാനിച്ചിരുന്നെങ്കിലും അൻസു ഫാറ്റി, പെഡ്രി എന്നിവരുടെ പുതിയ കരാർ വന്നതോടെ വീണ്ടും പ്രതിസന്ധിയായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും എഡിൻസൻ കവാനി, സിറ്റി താരം റഹീം സ്റ്റെർലിങ്, ചെൽസിയുടെ ജർമൻതാരം ടിമോ വെർണർ എന്നിവരെയാണ് ബാഴ്സ നോട്ടമിട്ടിട്ടുള്ളത്.

എന്നാൽ ചെറിയതുകയ്ക്ക് കരാറില്ലെങ്കിൽ ലോൺ വ്യവസ്ഥയാകും ക്ലബ്ബിന് മുന്നിലെ വഴി.മുൻതാരം ഡാനി ആൽവ്സിനെ ടീമിലെത്തിക്കാൻ സാവി അനുമതി നൽകിയെങ്കിലും ജനുവരി ഒന്നിനുള്ളിൽ കരാർ നടപടി പൂർത്തിയാക്കി താരത്തിന് കളത്തിലിറങ്ങാനാകില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ ടീമിലും പരിക്ക് പ്രതിസന്ധിയാണ്.

അൻസു ഫാറ്റിക്ക് മൂന്നാഴ്ച നഷ്ടമാകും. സാവിയുടെ അരങ്ങേറ്റ മത്സരത്തിലും അടുത്ത ചാംപ്യൻസ് ലീഗ് മത്സരത്തിലും ഫാറ്റിയുണ്ടാകില്ല. പെഡ്രി, ഡെംബലെ,പിക്വെ, എന്നിവരെല്ലാം പരിക്കിന്‍റെ പിടിയിൽ. സെർജിയോ അഗ്വേറോയുടെ കാര്യം മൂന്ന് മാസം കഴിഞ്ഞേ പറയാനാകൂ. സാമ്പത്തിക  പ്രതിസന്ധിക്കിടെ പുതിയ ടീമിനെ ഒരുക്കാൻ സാവിക്ക് ഏറെ പണിപ്പെടേണ്ടി വരുമെന്ന് ചുരുക്കം.

click me!