ഇറ്റലിക്ക് യൂറോ കപ്പ് യോഗ്യത; സ്‌പെയ്‌നിന് സമനില കുരുക്ക്

By Web TeamFirst Published Oct 13, 2019, 10:16 AM IST
Highlights

മുന്‍ ചാംപ്യന്മാരായ ഇറ്റലി യൂറോ കപ്പ് യോഗ്യത ഉറപ്പാക്കി. ഗ്രീസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇറ്റലി യോഗ്യത നേടിയത്.

സൂറിച്ച്: മുന്‍ ചാംപ്യന്മാരായ ഇറ്റലി യൂറോ കപ്പ് യോഗ്യത ഉറപ്പാക്കി. ഗ്രീസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇറ്റലി യോഗ്യത നേടിയത്. മറ്റു മത്സരങ്ങളില്‍ ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവര്‍ വിജയം കണ്ടപ്പോള്‍ സ്‌പെയ്‌നിനെതിരെ നോര്‍വെ സമനിലയില്‍ തളച്ചു.

ഗ്രീസിനെതിരായ മത്സരത്തില്‍ ഇറ്റലിക്ക് തന്നെയായിരുന്നു ആധിപത്യം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. അറുപത്തി മൂന്നാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജിനോയും, എഴുപത്തിയെട്ടാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഫെഡെറികോ ബെര്‍ണാഡേച്ചിയുമാണ് ഗോള്‍അടിച്ചത്. 21 പോയിന്റുമായി ഇറ്റലിതന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. 

നോര്‍വെക്കെതിരെ സ്‌പെയ്‌നിന് വേണ്ടി സോള്‍ നിഗ്വസ് ലീഡ് നല്‍കി. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഗോളി കെപയുടെ പിഴവില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ സ്വീഡന്‍ സമനില നേടുകയായിരുന്നു. അധിക സമയത്തിന്റെ നാലാം മിനിറ്റിലാണ് ജോഷ്വാ കിംങ് നോര്‍വേയ്ക്ക് വേണ്ടി വലകുലുക്കിയത്. സമനില വഴങ്ങിയെങ്കിലും 19 പോയിന്റുമായീ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുതന്നെയുണ്ട്. പത്തു പോയിന്റുമായി നോര്‍വെ നാലാം സ്ഥാനത്തും.

ഡെന്‍മാര്‍ക്ക് ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡിനെ മറികടക്കുകയായിരുന്നു. കളിതീരാന്‍ ആറ് മിനിറ്റുള്ളപ്പോള്‍ യൂസഫ് പോള്‍സനാണ് നിര്‍ണായക ഗോള്‍ നേടിയത്. ഗ്രൂപ്പ് ഡിയില്‍ 12 പോയിന്റുള്ള ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്താണ്. ഇത്ര പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അയലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. എട്ട് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്നാം സ്ഥാനത്താണ്. അതേസമയം ഗ്രൂപ്പ് എഫില്‍ കരുത്തരായ സ്വീഡന്‍ മാള്‍ട്ടയെ 4-0ന് തോല്‍പ്പിച്ചു.

click me!