
ലാറ്റിനമേരിക്കൻ കളിക്കാരുടെയും യൂറോപ്യൻ കളിക്കാരുടെയും പേരുകൾ മനപാഠമാക്കിയ ഫുട്ബോള്‍ ആരാധകർ ഇപ്പോൾ റിറ്റ്സു ഡൊവാനെ പറ്റി പറയുന്നു. അസാനയെ പറ്റി അന്വേഷിക്കുന്നു. കാരണം കാൽപന്തുകളിയുടെ വിശാലലോകത്തെ വിശാരദൻമാരെ ഞെട്ടിച്ചാണ് അവര്‍, വിറപ്പിച്ചവരാണ്. അതിശയിപ്പിച്ചാണ് ജപ്പാന്റെ കളിക്കാർ ഖത്തറിൽ നിന്ന് മടങ്ങിയത്. മുൻചാമ്പ്യൻമാരായ ജർമനിയും സ്പെയിനും പിന്നെ കാൽപന്തുകളിയിൽ മുൻതൂക്കമുള്ള കോസ്റ്റാറിക്കയും ഉള്ള മരണഗ്രൂപ്പിൽ ഒന്നാമതായത് ജപ്പാൻ. ഹാ ഹാ.
ജർമനിയെ ഞെട്ടിച്ച, കോസ്റ്റാറിക്കയോട് ഒരു ഗോളിന് തോൽക്കേണ്ടി വന്ന ക്ഷീണം സ്പെയിനെ തോൽപിച്ച് മാറ്റിയ സമുറായികൾ. ജർമനിയേയും സ്പെയിനേയും തോൽപിച്ചത് പിന്നിൽ നിന്ന ശേഷം തിരിച്ചെത്തിയിട്ട് എന്നതും ചേർത്തുവായിക്കണം. ക്രൊയേഷ്യയോട് കാലിടറി മടങ്ങുമ്പോഴും ജപ്പാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ഫുട്ബോൾ പ്രേമികൾ കൈ കൂപ്പുന്നത് വെറുതെയല്ല.
റിറ്റ്സു ഡൊവാൻ, തകുമോ അസാന, തനാക, ഗോളടിച്ചവർ മാത്രമല്ല, ഗോളിന് വഴിയൊരുക്കിയ കവോരു മിട്ടോമ, ടകുമി മിനാമിനോ, ഇട്ടകുര, ജർമനിക്കെതിരെ തുടർച്ചയായി നാല് ഒന്നാംതരം സേവുകൾ നടത്തിയ ഹോൻഡ, നല്ല ഒത്തിണക്കത്തോടെ ടീമിനെ നയിച്ച യോഷിദ, പകരക്കാരുടെ സമവാക്യമെന്നാൽ വിജയമന്ത്രമെന്ന് വിളിച്ചോതിയ കോച്ച് മൊറിയാസു... ജപ്പാൻ ടീമിന്റെ വിശേഷം തീരുന്നില്ല.
മുൻചാമ്പ്യൻമാർക്കെതിരെ നിർണായക വിജയത്തിന് മുഖ്യശിൽപിയായ ഡൊവാന്റെ അരങ്ങേറ്റ ലോകകപ്പായിരുന്നു ഖത്തറിലേത്. 24 കാരൻ. ആദ്യമായി ദേശീയ ജഴ്സി അണിയുന്നത് 2018ൽ. ജർമൻ ലീഗിൽ കളിച്ച് ശീലം. മുമ്പ് പിഎസ്‍വി ഐന്തോവനിലും കളിച്ചിട്ടുണ്ട്. സമപ്രായക്കാരനായ തനാക്കക്കും ജർമൻ ലീഗ് കളിസ്ഥലമായിട്ടുണ്ട്. 2019ലാണ് ദേശീയടീമിലെ അരങ്ങേറ്റം.
ഖത്തറിലേത് തനാക്കക്കും ആദ്യ ലോകകപ്പ്. ആദ്യമായി രാജ്യത്തിന് വേണ്ടി ഗോളടിച്ചത് ഖത്തറിലേക്കുള്ള യോഗ്യത നിശ്ചയിക്കാനുള്ള മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ. ഇവരേക്കാൾ നാലു വയസ് കൂടുതലുള്ള തകുമോ അസാന, സെർബിയ ക്ലബ് പാർട്ടിസാനിൽ കളിച്ചിട്ടുണ്ട്.
പതിനൊന്നാം നമ്പർ ജഴ്സിയിൽ കളിച്ച അസാന, ആ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ ജപ്പാൻ താരമാണ്. ജർമൻ ലീഗിലും കളിച്ചിട്ടുള്ള അസാനക്ക് നാടിന്റെ വീര്യത്തിനൊപ്പം യൂറോപ്യൻ ഫുട്ബോളിന്റെ കൃത്യതയും ഉണ്ടെന്നർത്ഥം. ആഴ്സണൽ അസാനയെ എടുത്തതാണ്. പക്ഷേ വർക്ക് പെർമിറ്റ് കിട്ടിയില്ല. അന്നത്തെ ആഴ്സണൽ കോച്ചായിരുന്ന വെങ്ങർ പറഞ്ഞത്. ഭാവിയിലേക്കുള്ള കാരമെന്നാണ്. ആ വാക്കുകൾ സത്യമെന്ന് അസാന തെളിയിച്ചു. 2015ൽ ദേശീയ ജഴ്സി അണിഞ്ഞ അസാന നാടിന് വേണ്ടി ആദ്യം ഗോളടിക്കുന്നത് 2016ലെ കിരിൻ കപ്പിൽ ബൾഗേറിയക്ക് എതിരെയാണ്.
എഎഫ്സി അണ്ടര്‍ 23 ചാമ്പ്യൻഷിപ്പിൽ 2016ൽ സ്വർണ മെഡൽ നേടി. ഒളിമ്പിക്സിലടക്കം ടീമിന് വേണ്ടി ഗോളടിച്ചു. സ്പെയിനുമായുള്ള നിർണായക മത്സരത്തിൽ വരയുടെ നിയന്ത്രണത്തിൽ നിന്ന് തലനാരിഴ വ്യത്യാസത്തിൽ പന്ത് അകത്തേക്ക് തട്ടിയിട്ട് ഗോളിലേക്ക് വഴിവെച്ച മിടോമക്ക് പ്രായം 25. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റന്റെ താരം. ജൂനിയർ ടീമിൽ ദേശീയ കുപ്പായമണിഞ്ഞിട്ടുള്ള മിടോമക്ക് സീനിയർ ടീമിലേക്ക് വിളി വരുന്നത് കഴിഞ്ഞ കൊല്ലമാണ്. ഒമാന് എതിരെയുള്ള ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ മിടോമ ബൂട്ടുകെട്ടി. ഓസ്ട്രേലിയക്ക് എതിരായ നിർണായക യോഗ്യതാ മത്സരത്തിൽ വിജയത്തിലേക്ക് നയിച്ച രണ്ടു ഗോളുമടിച്ച് മിടോമ ടീമിന്റെ നട്ടെല്ലിൽ അണിചേർന്നു. ഫ്രഞ്ച് ലീഗിലും ഇംഗ്ലീഷ് ക്ലബ് ഫുട്ബോളിലുമാണ് മിനാമിനോക്ക് ശീലം. ഇപ്പോൾ മൊണാക്കോ താരം. ജപ്പാൻ ജഴ്സിയിൽ എത്തന്നത് 2015ൽ. 2019ലെ എഎഫ്സി കപ്പ് ഫൈനലിൽ എത്തിയ ടീമിൽ മിനാമിനോയുണ്ട്.
ലിവർപൂൾ മാനേജർ ക്ലോപ്പ് മിനാമിനോയെ പറ്റി പറഞ്ഞത്, ചെകുത്താനെ പോലെ പ്രതിരോധിക്കും, അത്യാവേശത്തിൽ മുന്നോട്ടാഞ്ഞ് പോരാടും എന്നാണ്. ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ അടി പതറുംവരെ ടീമിന് വേണ്ടി എണ്ണം പറഞ്ഞ ഗോളുകൾ രക്ഷപ്പെടുത്തിയ, ടീമിന്റെ ഗോൾവല നന്നായി കാത്ത ഗോൻഡക്ക് 33 വയസ്സായി. ഓസ്ട്രേലിയയിലും പോർച്ചുഗലിനും കളിച്ച് ശീലം. 2010ൽ ദേശീയകുപ്പായം. ഒളിമ്പിക്സിലും ഗോൾവല കാത്തു. ഇംഗ്ലീഷ് ലീഗിലും ജർമൻ ലീഗിലും കളിച്ച് തെളിയിച്ച ആളാണ് ജപ്പാൻ നായകൻ യോഷിദ. 2010ൽ ആദ്യമായി രാജ്യത്തിന് വേണ്ടി കളിച്ചു.
2011ൽ എഎഫ്സി ഏഷ്യൻ കപ്പ് നേടിയ ടീമിലെ അംഗം. ഒളിമ്പിക്സിലും കളിച്ചു. ഖത്തറിലേത് മൂന്നാമത്തെ ലോകകപ്പ്. വിവിധ ഭാഷകൾ നന്നായി സംസാരിക്കുന്ന, ജന്മദേശമായ നാഗസാക്കിയിൽ ആണവബോംബുണ്ടാക്കിയ മുറിവുകളെ പറ്റി എപ്പോഴും വാചാലനായ, സന്നദ്ധസേവനപ്രവത്തനങ്ങൾക്ക് മതിയായ സംഭാവനകൾ നൽകുന്ന ഒപ്പമുള്ളവരെ പക്വതയോടെ ഒരുമിപ്പിക്കുന്ന നല്ല നായകനാണ് യോഷിദ. ഇവർ നീലക്കുപ്പായത്തിലെത്തി ഖത്തറിൽ മത്സരവീര്യത്തിന്റെ തെളിമ പടർത്തിയ സമുറായിമാരിൽ ചിലർ മാത്രം. ഇവർക്കൊപ്പമുള്ളവർ ആരും മോശമല്ല.
പരിചയസമ്പന്നരേയും പുതുമുഖങ്ങളെയും ഒരുമിച്ച് അണിനിരത്തി നല്ല ടീമിനെ ഉണ്ടാക്കി, മത്സരത്തിന്റെ ഗതിക്കും വിഗതിക്കും അനുസരിച്ച് തന്ത്രങ്ങളിലും സമവാക്യങ്ങളിലും മാറ്റം വരുത്തിയ കോച്ച് ഹജിമെ മോറിയാസുവിനും ടീമിന് കിട്ടുന്ന അഭിനന്ദനങ്ങളിൽ പങ്കുണ്ട്. രാജ്യത്തിന് വേണ്ടി 35 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് പണ്ട് മോറിയാസു. ക്ലബ് മത്സരങ്ങളിലും അണ്ടർ 23 ദേശീയ ടീമിന് വേണ്ടിയും കളിക്കാരെ പരിശീലിപ്പിച്ച ആശാനാണ് മോറിയാസു. ദേശീയ ടീമിനൊപ്പം 2018 ലോകകപ്പിൽ അകിരാ നഷിനോയുടെ സഹപരിശീലികനായി എത്തിയ മോറിയാസുവിനെ അക്കൊല്ലം ജൂലൈയിലാണ് കോച്ചായി നിയമിക്കുന്നത്.
2019ലെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ടീമിനെ എത്തിച്ച മോറിയാസു തന്റെ നിയമനം ശരിയെന്ന് തെളിയിച്ചു. ഇപ്പോൾ പ്രബലൻമാരെ തോൽപിക്കുന്ന ടീമായി തന്റെ കളിക്കാരുടെ മാറ്റ് തെളിയിച്ചും മോറിയാസു സ്വന്തം തിളക്കമേറ്റിയിരിക്കുന്നു. ഏഷ്യൻ മത്സരവീര്യത്തിന് ഓരോ ടൂർണമെന്റ് കഴിയുന്തോറും ഉഷാറ് കൂടിക്കൂടി വരുന്നു. വരാനിരിക്കുന്ന ലോകകപ്പുകളിലും കാണാം സമുറായിമാരുടെ കരുത്തിന്റെ പുതിയ കഥകൾ. അവർക്കൊപ്പം ചേരാനിരിക്കുന്ന പുതിയ ടീമുകളെയും കാത്തിരിക്കാം. അതൊരു സുഖമുള്ള കാത്തിരിപ്പാണ്. കാരണം ഗോലിയാത്തുമാരെ തോൽപിക്കുന്ന ദാവീദുമാരുടെ കഥ ഏത് കാലത്തും ഏത് രംഗത്തും നല്ല രസമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!