
മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച ജപ്പാന്‍റെ മിന്നലാക്രമണത്തിനിടെ ഗാലറിയില്‍ നിന്നുള്ള ഒരു ചിത്രം വൈറലാവുന്നു. ഫുട്ബോള്‍ മത്സര ചിത്രം ഫിഫയാണ് ട്വീറ്റ് ചെയതിരിക്കുന്നത്. രണ്ട് ആഴ്ച അവധി നല്‍കിയ ബോസിന് നന്ദി പറയുന്ന ജപ്പാന്‍ ആരാധകന്‍റേതാണ് ചിത്രം. ലോകത്തിലെ എല്ലാ ബോസുമാര്‍ക്കും സ്നേഹം എന്ന കുറിപ്പോടെയാണ് ഫിഫ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഗാലറിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ആരാധകന്‍റെ കയ്യിലെ എഴുത്തിലാണ് ബോസിനുള്ള നന്ദി പറച്ചില്‍.
ഏഷ്യന്‍ കരുത്തരായ ജപ്പാന്‍റെ മിന്നാലാക്രമണത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി അടിയറവ് പറഞ്ഞിരുന്നു. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി. ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആവേശപ്പകുതിക്കാണ് ആരാധകര്‍ സാക്ഷികളായത്. തോമസ് മുള്ളറും ഗ്നാബ്രിയും മുസിയാലയും അടങ്ങുന്ന ജര്‍മന്‍ ആക്രമണ നിരയെ പ്രതിരോധക്കോട്ട കെട്ടി ജപ്പാന്‍ 33 മിനുറ്റുകള്‍ വരെ തളച്ചു. കളി മെനയാന്‍ കിമ്മിഷും ഗുണ്ടോഗനുമുണ്ടായിട്ടും തുടക്കത്തില്‍ ആക്രമണത്തില്‍ ചടുലത കാണിക്കാതിരുന്ന ജര്‍മന്‍ ടീം ആദ്യ ഗോള്‍ അടിച്ചതോടെയാണ് ഉണര്‍ന്നുകളിച്ചത്. നേരത്തെ അർജന്റീനയെ അട്ടിമറിച്ചതിന്‍റെ ആഹ്ളാദ സൂചകമായി സൗദിയില്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.
ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. സൗദി ഗോളി അല്‍ ഒവൈസിക്ക് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്.