
കൊച്ചി: ഏതൊരു ടീമിനെയും അസൂയപ്പെടുത്തുന്ന ആരാധകൂട്ടമാണ് കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. മത്സരം കാണാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് സ്റ്റേഡിയത്തിലെത്തുന്ന കാണികളോട് സംഘാടകര്‍ പക്ഷെ നീതി കാണിച്ചില്ലെന്ന് വിമര്‍ശനം. കനത്ത മഴയില്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് അടച്ചിട്ട് ചെളിക്കുണ്ടിലൂടെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടത്. ഇന്നലെ കനത്ത മഴയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ചപ്പോഴും 26,000 പേര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് കമ്പിവേലി കെട്ടി അടച്ചിട്ടാണ് കനത്ത മഴയിലും ചെളിയിലൂടെ ആളുകളെ കടത്തിവിട്ടത്. നടന്നുപോകുന്ന വഴിയില്‍ ഒരു കല്ലുപോലും ഇട്ട് നല്‍കാന്‍ തയ്യാറായില്ല. ചാറ്റല്‍മഴപെയ്താല്‍പോലും കൊച്ചിയില്‍ ആദ്യം വെള്ളക്കെട്ട് ഉണ്ടാകുന്നത് സ്റ്റേഡിയം പരിസരത്താണ്. വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷനോടും ജില്ലാ ഭരണകൂടത്തോടും ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിടുണ്ട്. ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന മറ്റ് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കൊച്ചിയില്‍ കാണികളില്‍ നിന്ന് ഈടാക്കുന്നത്. മത്സരത്തിന് സ്റ്റേഡിയം വിട്ട് നല്‍കി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്ന ജിസിഡിഎയും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. വീഡിയോ കാണാം...
മത്സരം രണ്ടിനെതിരെ മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിരുന്നു. തുടക്കം മുതല്‍ അവസാന വിസില്‍ വരെ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പടയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നു ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്‌കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്റെ ഗോളുകള്‍ സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസും പേരില്‍ കുറിച്ചു. ഐഎസ്എലില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയെടുത്തത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ജയത്തോടെ മഞ്ഞപ്പട നാലാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളില്‍ 18 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ആറ് ജയങ്ങള്‍ അക്കൗണ്ടിലുണ്ട്. മൂന്ന് തോല്‍വികളും വഴങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!