
കൊച്ചി: അടുത്ത സീസണിലേക്കുള്ള പുതിയ താരങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം സജീവമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്. അക്കാഡമി താരങ്ങളില്‍ അര്‍ഹതയുള്ളവരെ മാത്രമേ സീനിയര്‍ ടീമിലേക്ക് പരിഗണിച്ചിട്ടുള്ളൂ എന്നും കരോലിസ് പറഞ്ഞു. തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെയാണ് 2020 മാര്‍ച്ചില്‍ കരോലിസ് സ്‌കിന്‍കിസ് സ്‌പോര്‍ടിംഗ് ഡയറക്ടറായി എത്തുന്നത്.
തൊട്ടടുത്ത സീസണില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെ ക്ലബ്ബിലെത്തിച്ച നീക്കം ഫലം കണ്ടെങ്കിലും വിദേശതാരങ്ങളുടെ വരവില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉയര്‍ന്നു. പ്രധാന താരങ്ങളുടെ പരിക്ക് വലച്ച ഐഎസ്എല്‍ പത്താം സീസണ്‍ അവസാനിക്കും മുന്‍പ് തന്നെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു സ്‌കിന്‍കിസ്. അക്കാഡമി താരങ്ങളില്‍ പലരും ഐഎസ്എല്ലില്‍ വളരെ വേഗം ചുവടുറപ്പിച്ചത് അഭിമാനകരമാണെന്നും എന്നാല്‍ അക്കാഡമി താരങ്ങള്‍ എന്ന ഒറ്റക്കാരണത്താല്‍ ഐഎസ്എല്ലിലേക്ക് ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ലെന്നും സ്‌കിന്‍കിസ് വ്യക്തമാക്കി.
പുതുവര്‍ഷത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് കാരണം അറിയാമെന്നും പരിശീലകനോട് പ്രൊഫഷണലായി പറയേണ്ട കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സ്‌കിന്‍കിസ് വ്യക്തകാക്കി. അതേസമയം, പുതിയ ഗോള്‍ കീപ്പറെ അന്വേഷിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. പരിക്കേറ്റ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായതോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഗോളിയെ അന്വേഷിക്കുന്നത്.
ഹൈദരാബാദ് എഫ് സിയുടെ ഗോള്‍കീപ്പര്‍ ഗുര്‍മീത് സിംഗിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാല് ക്ലബ്ബുകള്‍ രംഗത്ത്. എന്നാല്‍ ദീര്‍ഘകാല കരാര്‍ വാഗ്ദാനം ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറല്ല ഹൈദരാബാദ് എഫ്സിയിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഗുര്‍മീത് സിംഗ് മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. വേതനം മുടങ്ങിയത് അടക്കം ചൂണ്ടിക്കാട്ടി ഗുര്‍മീത് നല്‍കിയ അപേക്ഷയില്‍ എഐഐഎഫ് സമിതി ഈ ആഴ്ച്ച തീരുമാനം എടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!