മുംബൈ ഇന്ത്യന്‍സ് ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ കലാഭവന്‍ മണിയുടെ പ്രശ്‌സ്തമായ 'ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍...' എന്ന് തുടങ്ങുന്ന പാട്ടാണ് സജന പാടിയത്.
മുംബൈ: വനിതാ ഐപിഎല്‍ ആദ്യ സീസണില്‍ തന്നെ ഞെട്ടിച്ചിട്ടുണ്ട് മലയാളിതാരം സജന സജീവന്‍. വയനാട്, മനന്തവാടി സ്വദേശിയായ 26കാരി ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവസാന പന്തില്‍ സിക്‌സടിച്ച് ജയിപ്പിച്ചിരുന്നു. ഡല്‍ഹി കാപിറ്റില്‍സിനെതിരായ മത്സരത്തില്‍ അലീസ് കാപ്‌സിക്കെതിരെ സിക്‌സ് നേടിയാണ് സജന ടീമിനെ വിജയിപ്പിച്ചത്. ഇപ്പോള്‍ ഒരിക്കല്‍കൂടി ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് സജന.
നന്നായി പാട്ടുപാടിയാണ് ഇത്തവണ സജന കാണികളെ അമ്പരപ്പിച്ചിരിക്കന്നത്. മുംബൈ ഇന്ത്യന്‍സ് ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില്‍ കലാഭവന്‍ മണിയുടെ പ്രശ്‌സ്തമായ 'ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍...' എന്ന് തുടങ്ങുന്ന പാട്ടാണ് സജന പാടിയത്. കാണികളില്‍ ഒരാള്‍ക്കൊപ്പമാണ് താരം പാടിത്തകര്‍ക്കുന്നത്. ഈ വീഡിയോ മുംബൈ ഇന്ത്യന്‍സ് അവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാം...
സദസില്‍ ആരെങ്കിലും മലയാളികളുണ്ടോയെന്ന് സജന ചോദിക്കുന്നുണ്ട്. കലാഭവന്‍ മണിയെ ഇഷ്ടമാണോയെന്നും താരം അന്വേഷിക്കുന്നു. അപ്പോഴേക്കും ആരാധകരില്‍ ഒരാള്‍ എഴുന്നേറ്റു നിന്നു. അവരെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു സജന. പിന്നീട് അവര്‍ ഒരുമിച്ച്. ഇതര ഭാഷക്കാരാനും വിദേശ താരങ്ങളും പാട്ടിനൊത്ത് താളമിട്ടു.
ആദ്യ മത്സരത്തിന് ശേഷം സജനയെ പ്രകീര്‍ത്തിച്ച് ഡല്‍ഹിയുട ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ് രംഗത്തെത്തിയിരുന്നു. ജമീമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചതിങ്ങനെ... ''മത്സരത്തിന്റെ ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല. അരങ്ങേറ്റക്കാരി സജനയുടെ ഫിനിഷിംഗ് അമ്പരപ്പിച്ചു. വെള്ളപ്പൊക്കത്തില്‍ അവര്‍ക്കെല്ലാം നഷ്ടമായിരുന്നു. വളരെ മോശം സാഹചര്യത്തില്‍ നിന്ന് വരുന്ന താരം. ടീമിന് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടപ്പോഴാണ് ക്രീസിലെത്തുന്നത്. അനായാസമായി അവര്‍ സിക്സര്‍ പായിച്ചു. എന്തൊരു കഥയാണിത്, അതിലുമപ്പുറം എന്തൊരു താരമാണവള്‍.'' ജമീമ കുറിച്ചിട്ടു.

