Kerala Blasters: വിജയവഴിയില്‍ തിരിച്ചെത്തി; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കെട്ടുകെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

Published : Feb 04, 2022, 09:38 PM ISTUpdated : Feb 04, 2022, 09:59 PM IST
Kerala Blasters: വിജയവഴിയില്‍ തിരിച്ചെത്തി; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കെട്ടുകെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

Synopsis

രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തുപോയിട്ടും ആധികാരിക വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.  

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ (ISL) നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ (North east united) ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്(Kerala Bkasters). രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം കുറിച്ചത്. 62ാം മിനിറ്റില്‍ പെരെയ്ര ഡയസും 82ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് നേടിയ വണ്ടര്‍ ഗോളുമാണ് വിജയം കുറിച്ചത്. രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തുപോയിട്ടും ആധികാരിക വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് തൈവളപ്പിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടിയത്.

കൊവിഡ് ബാധയുണ്ടാക്കിയ ശാരീരിക പ്രശ്‌നങ്ങള്‍ വെളിവാക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം പകുതി. നോര്‍ത്ത് ഈസ്റ്റായിരുന്നു ആദ്യ പകുതിയില്‍ കളി നിയന്ത്രിച്ചത്. എന്നാല്‍ 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളിലൂടെ കളിയിലേക്ക് തിരിച്ചെത്തി. നിഷു കുമാര്‍ ബോക്സിലേക്ക് നീട്ടിയ പന്ത് ഹര്‍മന്‍ജോത് ഖബ്ര ഡിയാസിന് മറിച്ച് നല്‍കി. പിഴവില്ലാത്ത ഹെഡറിലൂടെ പന്ത് വലയില്‍. എന്നാല്‍ ആഘാതമായി 70-ാം മിനിറ്റില്‍ ആയുഷ് അധികാരിക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തേക്ക് പോയി. 10 പേരായിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ട വീര്യം ചോര്‍ന്നില്ല. 


82-ാം മിനിറ്റില്‍ വാസ്‌കെസിന്റെ വണ്ടര്‍ ഗോളെത്തി. സ്വന്തം പകുതിയില്‍ നിന്ന് പന്ത് ലഭിച്ച ഗോള്‍കീപ്പര്‍ സുഭാശിഷ് ചൗധരി സ്ഥാനം തെറ്റിനില്‍ക്കുന്നത് മുതലെടുത്ത് വാസ്‌കെസ് പായിച്ച നെടുനീളന്‍ ഷോട്ട് കൃത്യമായി വലയില്‍. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹെര്‍നന്‍ സന്റാനയുടെ പാസില്‍ നിന്ന് മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. 

തോല്‍വി അറിയാത്ത 10 മത്സരങ്ങള്‍ക്ക് ശേഷമെത്തിയ കൊവിഡില്‍ കൊമ്പന്മാര്‍ ബംഗളുരുവിനെതിരായ ഒറ്റഗോളിന് തോറ്റ ശേഷമാണ് തിരിച്ചെത്തിയത്. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടം മുറുകുമ്പോള്‍ രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി. 

ഹൈദരാബാദിനെതിരെ അഞ്ച് ഗോളിന് നാണംകെട്ടതിന്റെ ആഘാതത്തിലാണ് നോര്‍ത്ത് ഈസറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങിയത്. നവംബറിലെ നേര്‍ക്കുനേര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ആണ് അവസാനിച്ചത്. ഇന്നലെ എടികെ മോഹന്‍ ബഗാന്‍- മുംബൈ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് ഇരുടീമുകളും പാഴാക്കിയത്.
 

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും