
ബാഴ്‌സലോണ: പിയറി എമറിക് ഔബമയാങ് (Pierre Emerick Aubameyang) ബാഴ്‌സലോണ (Barcelona) താരമായി. ഗാബോണ്‍ താരത്തെ ഔദ്യോഗികമായി ബാഴ്‌സ, ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ആഴ്‌സനലുമായുള്ള (Arsenal) ബന്ധം അവസാനിപ്പിച്ചാണ് ഔബമയാങ് സ്പാനിഷ് ക്ലബ്ബില്‍ ചേരുന്നത്. ലാ ലിഗയില്‍ (La Liga) കളിക്കുന്നത് സ്വപ്നം കണ്ടിരുന്നെന്നും ബാഴ്‌സയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ആഴ്‌സനലില്‍ പോയമാസങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ പഴയകാര്യങ്ങള്‍ മറന്നെന്നും ബാഴ്‌സലോണയുടെ ശൈലിയുമായി അതിവേഗം പൊരുത്തപ്പെടാന്‍ ശ്രമിക്കുമെന്നും ഔബമയാങ് പറഞ്ഞു. 2025 ജൂണ്‍ വരെയാണ് കരാര്‍. എന്നാല്‍ 2023 ജൂണിന് ശേഷം ക്ലബ്ബ് വിടാനും താരത്തിന് അനുമതിയുണ്ട്.
100 ദശലക്ഷം യൂറോയാണ് റിലീസ് തുക. 2018ല്‍ ബൊറൂസിയയില്‍ നിന്ന് ആഴ്‌സനലില്‍ എത്തിയ ഔബമയാങ് ക്ലബ്ബിനായി 163 മത്സരങ്ങളില്‍ 92 ഗോള്‍ നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നിറങ്ങും
മാഞ്ചസ്റ്റര്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. നാലാം റൗണ്ട് മത്സരത്തില്‍ മിഡില്‍സ്ബറോ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. ഇടക്കാല പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന് കീഴില്‍ പോള്‍ പോഗ്ബ ആദ്യമായി കളിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ പോഗ്ബ, നവംബറിന് ശേഷം ആദ്യമായാണ് യുണൈറ്റഡിനായി ഇറങ്ങുന്നത്. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് നാളെ മത്സരമുണ്ട്.