'പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ട'; സന്തോഷ് ട്രോഫി ഫൈനലിനൊരുങ്ങുന്ന കേരളത്തിന് വുകോമാനോവിച്ചിന്റെ ഉപദേശം

Published : May 01, 2022, 12:04 PM IST
'പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ട'; സന്തോഷ് ട്രോഫി ഫൈനലിനൊരുങ്ങുന്ന കേരളത്തിന് വുകോമാനോവിച്ചിന്റെ ഉപദേശം

Synopsis

ഫൈനലിനിറങ്ങുന്ന കേരളത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീകന്‍ ഇവാന്‍ വുകോമാനോവിച്ച് (Ivan Vukomanovic). സെര്‍ബിയയിലുള്ള അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയാണ്.

തിരുവനന്തപുരം: സന്തോഷ് ട്രോഫി (Santosh Trophy) ഫൈനലിനൊരുങ്ങുകയാണ് കേരളം (Kerala Football). നാളെ പയ്യനാട് സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. അയല്‍ക്കാരായ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്താണ് കേരളം എത്തുന്നത്. ബംഗാള്‍, മണിപ്പൂരിനെ മറികടക്കുകയായിരുന്നു. ഫൈനലിനിറങ്ങുന്ന കേരളത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീകന്‍ ഇവാന്‍ വുകോമാനോവിച്ച് (Ivan Vukomanovic). സെര്‍ബിയയിലുള്ള അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയാണ്.

സന്തോഷ് ട്രോഫി ശ്രദ്ധിക്കാറുണ്ടെന്നും കേരളമാണ് മികച്ച ടീമെന്നും അദ്ദേഹം പറഞ്ഞു. വുകോമാനോവിച്ചിന്റെ വാക്കുകള്‍.. ''സന്തോഷ് ട്രോഫി ഞാന്‍ പിന്തുടരുന്നുണ്ടായിരുന്നു. കേരള ടീമാണ് ഏറ്റവും മികച്ചത്. ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന ആത്മവിശ്വാസത്തില്‍ വേണം കളിക്കാന്‍. ആരാധകരില്‍ നിന്നുള്ള പിന്തുണയാണ് വളരെ പ്രധാനം. ഗ്യാലറി നിറഞ്ഞുകവിയുന്നത് ഞാന്‍ കാണുന്നുണ്ട്. ഇത്തരത്തിലുള്ള പിന്തുണയാണ് എപ്പോഴും ടീമിന് വേണ്ടത്. വിവരിക്കാന്‍ കഴിയാത്ത ഒരുതരം ഫീലിംഗാണത്. 

 

കിരീടത്തിന് വേണ്ടി കളിക്കൂ. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ടീം കേരളമാണ്. ഒരു കാര്യം ശ്രദ്ധിക്കുക, പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോവാതിരിക്കുക. അതാണ് എനിക്ക് നിങ്ങള്‍ക്ക് തരാനുള്ള ഉപദേശം.'' ചിരിയോടെ വുമോമാനോവിച്ച് പറഞ്ഞുനിര്‍ത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദാരാബാദ് എഫ്‌സിയോട് പരാജയപ്പെട്ടത് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്. ഇക്കാര്യം ഓര്‍ത്തെടുത്താണ് വുകോമാനോവിച്ച് പെനാല്‍റ്റിയിലേക്ക് പോവരുതെന്ന് ഓര്‍മിപ്പിച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളം എതിരില്ലാത്ത രണ്ടുഗോളിന് ബംഗാളിനെ തോല്‍പിച്ചിരുന്നു. അഞ്ച് കളിയില്‍ പതിനെട്ട് ഗോളടിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. വഴങ്ങിയത് ആറ് ഗോള്‍. ക്യാപ്റ്റന്‍ ജിജോ ജോസഫ് അഞ്ചും സെമിയിലെ അഞ്ചുഗോളടക്കം ആറ് ഗോളുമായി സൂപ്പര്‍ സബ് ജെസിനും സ്‌കോറര്‍മാരില്‍ മുന്നില്‍.

കേരളത്തിന്റെ മധ്യനിര ശക്തം. പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാനുണ്ട് ബിനോ ജോര്‍ജിനും സംഘത്തിനും. കേരളത്തിനോട് തോറ്റതിനുശേഷം അടിമുടി മാറിയ ബംഗാളിന്റെ ലക്ഷ്യം മുപ്പത്തിമൂന്നാം കിരീടം. കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 

1989ലും 1994ലും സന്തോഷം ബംഗാളിനൊപ്പം. കേരളം പകരംവീട്ടിയത് 2018ല്‍. പതിനഞ്ചാം ഫൈനലിനിറങ്ങുന്ന കേരളം ഏഴാം കിരീടത്തിന് തൊട്ടരികെ. കേരളത്തിന്റെ പോരാട്ടവീര്യത്തിനൊപ്പം ഗാലറിയിലെ കാല്‍ലക്ഷത്തില്‍ ഏറെയുള്ളവരുടെ ആവേശത്തെയും മറികടന്നാലെ ബംഗാളിന് സന്തോഷിക്കാനാവൂ.
 

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും