
മാഡ്രിഡ്: സ്പാനിഷ് ലീഗ് (La Liga) ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന് (Real Madrid). മുപ്പത്തിനാലാം റൗണ്ടില്‍ എസ്പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ബ്രസീലിയന്‍ താരം റോഡ്രിഗോ രണ്ടുഗോള്‍ നേടിയപ്പോള്‍ മാര്‍കോ അസെന്‍സിയോയും കരീം ബെന്‍സേമയും (Karim Benzema) റയലിന്റെ ജയം ആധികാരികമാക്കി. ലാലിഗയില്‍ റയലിന്റെ മുപ്പത്തിയഞ്ചാം കിരീടമാണിത്. നാല് മത്സരം ശേഷിക്കേയാണ് റയല്‍ കിരീടം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാള്‍ പതിനേഴ് പോയിന്റ് മുന്നിലാണ് റയല്‍ മാഡ്രിഡ്. ഇതോടെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയ്ന്‍ എന്നിവടങ്ങളില്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന പരിശീലകനെന്ന അപൂര്‍വ നേട്ടവും റയല്‍ കോച്ച് കാര്‍ലോ അഞ്ചലോട്ടി സ്വന്തമാക്കി. റയല്‍ മാഡ്രിഡ് നായകന്‍ മാഴ്‌സലോയുടെ ഇരുപത്തിനാലാം കിരീടമാണിത്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നേറ്റം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം. മുപ്പത്തിനാലാം റൗണ്ടില്‍ സിറ്റി എതിരില്ലാത്ത നാല് ഗോലിന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പിച്ചു. റോഡ്രി, നഥാന്‍ എയ്‌കെ, ഗബ്രിയേല്‍ ജെസ്യൂസ്, ഫെര്‍ണാണ്ടീഞ്ഞോ എന്നിവരുടെ ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. 83 പോയിന്റുമായാണ് നിലവിലെ ചാംപ്യന്‍മാരായ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്.
അതേസമയം, ലിവര്‍പൂള്‍ കിരീടപ്രതീക്ഷ നിലനിര്‍ത്തി. ഏകപക്ഷീയമായ ഒരുഗോളിന് ന്യൂകാസിലിനെ തോല്‍പിച്ചു. പത്തൊന്‍പതാം മിനിറ്റില്‍ നബി കെയ്റ്റയാണ് നിര്‍ണായക ഗോള്‍ നേടിയത്. സിറ്റിയെക്കാള്‍ ഒരു പോയിന്റ് മാത്രം കുറവുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!