കരാർ നീട്ടി: ജെസ്സെൽ കാർനെറോ ബ്ലാസ്റ്റേഴ്സിൽ തുടരും

By Web TeamFirst Published Jul 1, 2020, 7:05 PM IST
Highlights

കഴിഞ്ഞ സീസണിൽ ഡെംപോ സ്‌പോർട്ടിംഗ് ക്ലബിൽ നിന്ന് ബ്ലാസ്റ്റേഴ്സില്‍ എത്തിയ ജെസ്സൽ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ ജെസ്സൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. പരിചയസമ്പന്നനായ ഗോവൻ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വർഷത്തെക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാർ നീട്ടിയത്. ഗോവൻ പ്രൊഫഷണൽ ലീഗിലൂടെ വളർന്നുവന്ന ജെസ്സൽ 2018-19 വർഷം സന്തോഷ് ട്രോഫിയിൽ  ഗോവൻ ടീമിന്റെ  നായകനായിരുന്നു. സമൃദ്ധമായ അനുഭവസമ്പത്തുള്ള ജെസ്സൽ, വരാനിരിക്കുന്ന സീസണിലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയുടെ  നെടുംതൂണായി മാറുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിലെ മുൻനിര ലെഫ്റ്റ് ബാക്കുകളിൽ ഒരാളായാ ജെസ്സൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ കിബു വികുന പറഞ്ഞു.  കഴിഞ്ഞ സീസണിൽ ഡെംപോ സ്‌പോർട്ടിംഗ് ക്ലബിൽ നിന്ന് ബ്ലാസ്റ്റേഴ്സില്‍ എത്തിയ ജെസ്സൽ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും കൂടുതൽ മത്സരങ്ങൾ (18 മത്സരങ്ങൾ) റെക്കോർഡു ചെയ്ത ഒരേയൊരു താരമായ ജെസ്സെൽ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും മുഴുവന്‍ സമയവും ക്ലബ്ബിനായി കളിച്ചു.  

ബ്ലാസ്റ്റേഴ്സിനായി  72.65% വിജയ കൃത്യതയുമുള്ള 746 പാസുകളാണ് ജെസ്സൽ നൽകിയത്. ഒരു കളിയിൽ  ഏകദേശം 42 പാസുകൾ എന്ന രീതിയിൽ ഒരു ഐ‌എസ്‌എൽ അരങ്ങേറ്റക്കാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ പാസുകളാണ് ഇതിലൂടെ  രേഖപ്പെടുത്തിയത്. സീസണിൽ അഞ്ച് അസിസ്റ്റുകൾ സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു.ബ്ലാസ്റ്റേഴ്സ് കളിക്കാരന്റെ ഏറ്റവും ഉയർന്ന നിരക്കാണ്.

ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഐ‌എസ്‌എൽ കിരീടം ഉയർത്തുമ്പോൾ ടീമിന്റെ ഭാഗമാകാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജെസ്സല്‍ പറഞ്ഞു. എന്റെ കഴിവ്  തെളിയിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എനിക്ക് അവസരം നൽകി, തുടർന്നും  മികച്ച ശ്രമങ്ങൾ നടത്താനും വരാനിരിക്കുന്ന സീസണുകളിൽ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്കായി ക്ലബിനൊപ്പം നില്‍ക്കുവാനും  കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് തനിക്ക് ഒരു പുതിയ തുടക്കമാണെന്നും പുതിയ പരിശീലകന്‍ കിബു വികുനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും ജെസ്സെൽ വ്യക്തമാക്കി.

click me!