
കൊച്ചി: കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും തളരാത്ത പോരാട്ടവീര്യം വിളിച്ചോതുന്ന ഡിസൈനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്.
കേരളത്തിന്‍റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിന്‍റെയും ഉറച്ച വിശ്വാസത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായ തെയ്യത്തിന്‍റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിന്‍റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചത്.
ക്ലബ്ബിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ജേഴ്സി പ്രകാശനം ചെയ്തത്. ഇന്ത്യൻ ഫുട്ബോളിലെ നടപടികളില്ലായ്മയും വ്യക്തമായ ദിശാബോധമില്ലായ്മയും കാരണം ഇന്ത്യൻ സൂപ്പര്‍ ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ തുടരുന്ന ഈ സാഹചര്യത്തിൽ, ഈ ജേഴ്‌സി എപ്പോൾ ധരിക്കാൻ സാധിക്കും എന്ന ചോദ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഹോം ജേഴ്സി പ്രകാശനം ചെയ്തത്. എങ്കിലും, ലീഗ് മത്സരങ്ങൾ തുടങ്ങുമ്പോൾ തന്നെ കളത്തിലിറങ്ങാൻ ക്ലബ്ബ് പൂർണ്ണമായും സജ്ജമാണെന്ന സൂചനയും ജേഴ്‌സി അവതരിപ്പിച്ചതിലൂടെ ബ്ലാസ്റ്റേഴ്സ് നല്‍കുന്നു.
ഐഎസ്എല്‍ ഫുട്ബോളിന്‍റെ സ്പോണ്‍സര്‍മാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്‍റ് ലിമിറ്റഡു(എഫ്എസ്‌ഡിഎല്‍)മായുള്ള കരാര്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. പുതിയ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ലീഗ് അനിശ്ചിതത്വത്തിലാണ്. ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്‍റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്. ഐഎസ്എൽ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!