
മോണ്ടിവീഡിയോ: മകളുടെ വിയോഗ വാര്‍ത്ത പങ്കുവച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ (Kerala Blasters) ഉറുഗ്വെന്‍ താരം അഡ്രിയാന്‍ ലൂണ (Adrian Luna). ആറു വയസുള്ള മകള്‍ ജുലിറ്റയുടെ മരണ വാര്‍ത്തയാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തെ തുടര്‍ന്ന് ഏപ്രില്‍ ഒമ്പതിനായിരുന്നു ജുലിറ്റയുടെ മരണം.
ദുഖത്തില്‍ നിന്ന് കുടുംബം മോചിതരാകുന്നതേയുള്ളുവെന്നും അതുകൊണ്ടാണ് അറിയിക്കാന്‍ വൈകിയതെന്നും കുറിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ... ''കടുത്ത വിഷമത്തോടെയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ഈ വര്‍ഷം ഏപ്രില്‍ 9ന് എന്റെ മകള്‍ ജൂലിയെറ്റ (6) ഞങ്ങളെ വിട്ടുപിരിഞ്ഞു. ആ വേര്‍പാടുണ്ടാക്കിയ വേദന അതിരുകളില്ലാത്തതാണ്. ഒരിക്കലും മായ്ക്കാനാവുന്നുമില്ല. വേദനകള്‍ക്കിടെയും അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു.
സംശയമില്ലാതെ പറയാം, ജീവിതം എത്ര പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നതെങ്കിലും തോറ്റു പിന്മാറരുത് എന്നതാണ് നീ പഠിപ്പിച്ച ഏറ്റവും വലിയ പാഠം.'' എന്നു പറഞ്ഞാണ് ലൂണ കുറിപ്പ് അവസാനിപ്പിച്ചത്.
തന്റെ മകള്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതില്‍ പ്രധാന പാഠം എന്നും ലൂണ പറഞ്ഞു. അവസാന ശ്വാസം വരെ അവള്‍ പോരാടി. അത് താന്‍ ഒരിക്കലും മറക്കില്ലെന്നും ലൂണ കുറിച്ചു.
കഴിഞ്ഞ സീസണില്‍ ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്സ് എത്തുന്നതില്‍ 30 കാരനായ ലൂണ വലിയ പങ്കുവഹിച്ചു. എന്നാല്‍ ഹൈദരാബാദ് എഫ്‌സിയോട് പെനാല്‍റ്റിയില്‍ തോറ്റിരുന്നു.