
കൊച്ചി: വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും. 2026 ഫെബ്രുവരിയില്‍ സീസണ്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായും (എഐഎഫ്എഫ്) മറ്റ് അധികൃതരുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ക്ലബ്ബ് പങ്കാളിത്തം ഉറപ്പാക്കിയത്. ഈ വിഷയത്തില്‍ കൃത്യസമയത്ത് ഇടപെടുകയും ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന് ക്ലബ്ബ് നന്ദി അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ ക്ലബ്ബ് തിരിച്ചറിയുന്നുണ്ട്. ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ലബ്ബ് സജീവമായി പരിശോധിച്ചു വരികയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, കായികരംഗത്തിന്റെ ഭാവി മുന്‍നിര്‍ത്തി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കും.
ക്ലബ്ബ് നേരിടുന്ന ഈ സാഹചര്യത്തില്‍ നല്‍കുന്ന പിന്തുണയ്ക്കും കാണിക്കുന്ന ക്ഷമയ്ക്കും ആരാധകരോടും മറ്റ് പങ്കാളികളോടും കേരള ബ്ലാസ്റ്റേഴ്സ് നന്ദിയും ബ്ലാസ്‌റ്റേഴ്‌സ് രേഖപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ പതിനാല് ടീമുകളും ലീഗില്‍ കളിക്കാന്‍ സമ്മതം അറിയിച്ച് കഴിഞ്ഞു. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കിക്കോഫ് പ്രതീക്ഷിക്കുന്നത് ഫെബ്രുവരി പതിനാലിന്. മത്സരങ്ങള്‍ മേയ് 17 വരെ നീണ്ടുനില്‍ക്കും. വ്യാഴം മുതല്‍ ഞായര്‍ വരെയാവും ഓരോ ആഴ്ചയിലേയും മത്സരങ്ങള്‍. കളിതുടങ്ങുക വൈകിട്ട് ഏഴരയ്ക്ക്. രണ്ടുമത്സരങ്ങള്‍ നടക്കുക ശനിയും ഞായറും, വൈകിട്ട് അഞ്ചിനും ഏഴരയ്ക്കും.
സീസണില്‍ ഒരുടീമിന് 13 മത്സരമാണുണ്ടാവുക. ഇതില്‍ ആറോ ഏഴോ ഹോം മത്സരം. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും ഇന്റര്‍ കാശിയും കൊല്‍ക്കത്തയാണ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!