
കൊച്ചി: മലയാളി മുന്നേറ്റ താരം മുഹമ്മദ് സനാനെ സ്വന്തമാക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. ജംഷഡ്പൂർ എഫ്‌സിയിൽ നിന്നാണ് 22കാരനായ താരം മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. 2028-29 സീസൺ അവസാനിക്കുന്നത് വരെയുള്ള ദീർഘകാല കരാറിലാണ് സനാൻ ഒപ്പുവെച്ചത്. കേരളത്തിന്‍റെ കാൽപ്പന്ത് സംസ്കാരത്തിലൂടെ വളർന്നുവന്ന സനാൻ, റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് തന്‍റെ ഫുട്ബോൾ അടിത്തറ ശക്തമാക്കിയത്. തുടർന്ന് 2023ൽ ജംഷഡ്പൂർ എഫ്‌സിയിലൂടെ സീനിയർ തലത്തിലേക്ക് ചുവടുവെച്ച താരം ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ തന്റേതായ ഇടം കണ്ടെത്തി.
2023-24 സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച സനാൻ, ആദ്യ സീസണിൽ തന്നെ 20 ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങി. തൊട്ടടുത്ത 2024-25 സീസണിൽ 24 ലീഗ് മത്സരങ്ങളിൽ കൂടി ബൂട്ടണിഞ്ഞ താരം ജംഷഡ്പൂരിന്റെ ആക്രമണനിരയിലെ സ്ഥിരസാന്നിധ്യമായി മാറി. പ്രധാനമായും ലെഫ്റ്റ് വിംഗറായി കളിക്കുന്ന സനാന് വലതു വിംഗിലും സെൻട്രൽ അറ്റാക്കിംഗ് പൊസിഷനുകളിലും ഒരുപോലെ തിളങ്ങാൻ കഴിവുണ്ട്. പന്തുമായി അതിവേഗം മുന്നേറാനും എതിർ പ്രതിരോധ നിരയെ മറികടന്ന് മുന്നോട്ട് കുതിക്കാനുമുള്ള മികവ് അറ്റാക്കിംഗ് തേർഡിൽ താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. താരത്തിന്റെ ഈ കളിശൈലി ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയ്ക്ക് പുതിയ മാനങ്ങളും വൈവിധ്യവും നൽകും.
22-ാം വയസ്സിൽ തന്നെ ഐഎസ്എല്ലിൽ 40-ലധികം മത്സരങ്ങൾ കളിച്ചുള്ള അനുഭവസമ്പത്ത് സനാന് വലിയ മുതൽക്കൂട്ടാണ്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന സനാന്, കേരള ബ്ലാസ്റ്റേഴ്സിന്‍റെ വൻ ആരാധകവൃന്ദത്തിന് മുന്നിൽ പന്തുതട്ടാനുള്ള മികച്ച അവസരം കൂടിയാണ് ഈ കൂടുമാറ്റത്തിലൂടെ തുറന്നുകിട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!