
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് പുതിയ വിദേശ താരമായി ഫ്രഞ്ച് വിങ്ങർ കെവിൻ യോക്ക് എത്തുന്നു. 29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്. 1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്‌സിന്‍റെ ആക്രമണങ്ങൾക്ക് കൂടുതൽ വൈവിധ്യം നൽകും.
ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്.സിക്കായി കളിച്ച അദ്ദേഹം പിന്നീട് പി.എ.ഇ ചാനിയയെയും പ്രതിനിധീകരിച്ചു. പാരിസ് സെന്‍റ് ജെർമന്‍റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന യോക്ക്, കരിയറിൽ ഇതുവരെ 84 മത്സരങ്ങളിൽ നിന്നായി 7 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഗ്രീസിലെയും ഫ്രാൻസിലെയും ലീഗുകളിൽ നിന്നുള്ള ഈ പരിചയസമ്പത്ത് ഐഎസ്എല്ലിലും ടീമിന് ഗുണകരമാകും.
സാങ്കേതിക മികവുള്ള ഒരു വിങ്ങറാണ് കെവിനെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. യൂറോപ്യൻ ഫുട്ബോളിലെ അദ്ദേഹത്തിന്‍റെ പരിചയസമ്പത്ത് ഞങ്ങളുടെ കളിശൈലിക്ക് ഗുണകരമാകും. വരാനിരിക്കുന്ന സീസണിൽ ടീമിന്‍റെ ആക്രമണനിരയിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യം സഹായകമാകുമെന്ന് ഞങ്ങൾ കരുതുന്നു. കെവിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഞങ്ങൾ ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്നും അഭിക് ചാറ്റർജി പറഞ്ഞു. സീസണിന് മുന്നോടിയായുള്ള പ്രീസീസൺ പരിശീലന ക്യാമ്പിൽ താരം ഉടൻ തന്നെ ടീമിനൊപ്പം ചേരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!