
മുംബൈ: ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ചുമതലയേറ്റെടുത്തു. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി തുടരും. നാളെ ഖാലിദ് ടീമിനൊപ്പം ചേരും. നേഷന്‍സ് കപ്പില്‍ താജിക്കിസ്ഥാനെതിരെ ആണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ മുതല്‍ എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.
ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റി ഖാലിദിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനായിരുന്നു ജമീല്‍. മൂന്നംഗ ചുരുക്കപ്പട്ടികയില്‍ നിന്നാണ് അദ്ദേഹത്തെ നിയമിച്ചത്. മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. 2017ല്‍ ഐസ്വാള്‍ എഫ്‌സിയെ ഐ ലീഗ് ജേതാക്കളാക്കിയത് നേട്ടമായി. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പുരിനെയും സെമിയിലെത്തിച്ചു.
പരിശീലകരാകാന്‍ 170 പേരാണ് അപേക്ഷിച്ചത്. അന്തിമപട്ടികയില്‍ ഖാലിദ് ജമീലിനെകൂടാതെ ഇംഗ്ലീഷുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈയ്‌നും സ്ലൊവാക്യയുടെ സ്റ്റെഫാന്‍ തര്‍കോവിച്ചുമാണ് ഉണ്ടായിരുന്നത്. മനോലോ മാര്‍ക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. ഫിഫ റാങ്കിങ്ങില്‍ 133-ാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ഇവിടെ നിന്നും ടീമിനെ ഉയര്‍ത്തികൊണ്ടു വരികയെന്ന കടുത്ത വെല്ലുവിളിയാണ് ജമീലിനെ കാത്തിരിക്കുന്നത്.
ഐഎസ്എല്‍: അനിശ്ചിതത്വം മാറണം
ഐ എസ് എല്ലിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തെക്കുറിച്ച് ക്ലബുകള്‍ നിയമോപദേശകരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിള്ള പശ്ചാത്തലത്തിലാണിത്. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് 11 ക്ലബുകള്‍ കഴിഞ്ഞയാഴ്ച ഫെഡറേഷനുമായി ചര്‍ച്ച നടത്തിയിരുന്നു. സംപ്രേഷണ അവകാശ കരാര്‍ പുതുക്കാത്തതിനാലാണ് ഐ എസ് എല്‍ സംഘാടകരായ എഫ്എസ്ഡിഎല്‍, ലീഗ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചത്. 2010ല്‍ ഒപ്പുവച്ച നിലവിലെ കരാര്‍ വരുന്ന ഡിസംബറില്‍ അവസാനിക്കും.