
റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പിന്റെ നാലാം ആഴ്ചയില്‍ തകര്‍ത്താടി മലപ്പുറം. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം മികച്ച നിരയുമായി കളത്തിലിറങ്ങിയ മലപ്പുറം ടൂണ്‍മെന്റില്‍ ഉജ്വല തിരിച്ചു വരവാണ് നടത്തിയത്. കെഎംസിസി എറണാകുളം ജില്ലാ ടീമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്. മലപ്പുറത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയ നൂറുകണക്കിന് ആരാധകരെ നിരാശരാക്കി മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി നിയാസ് ഇഖ്ബാല്‍ എറണാകുളത്തിന് ലീഡ് നേടിക്കൊടുത്തു.
ഒരു ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച മലപ്പുറം പിന്നീടങ്ങോട്ട് എറണാകുളത്തിനുമേല്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുവാന്‍ മിനിട്ടുകള്‍ ബാക്കിയിരിക്കെ മലപ്പുറത്തിന്റെ ഫാസില്‍ കെ പി നേടിയ മനോഹരമായ ഗോള്‍ മലപ്പുറത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് എറണാകുളത്തിന്റെ വല തുളച്ച് കയറിയത്. മലപ്പുറത്തിന് വേണ്ടി ഫാസില്‍ കെ പി രണ്ട് ഗോളുകളും മുഹമ്മദ് റിയാസ്, ജിന്‍ഷാദ് പി വി, അര്‍ഷാദ് എന്നിവര്‍ ഓരോ ഗോളും നേടി. മലപ്പുറത്തിന്റെ ഫാസില്‍ കെ പി മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിന് അര്‍ഹനായി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.
ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ കാസര്‍കോട് കെഎംസിസിയും കോഴിക്കോട് കെഎംസിസിയും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മികച്ച താര നിരയുമായി കളത്തിലിറങ്ങിയ ഇരു ടീമുകളും ഗോളിലേക്ക് നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ ലീഗ് റൗണ്ടിലെ അവസാന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായി. കാസര്‍കോടിന്റെ നജ്മല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അബ്ദു റഹ്മാന്‍ ഫറൂക്ക് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.
ഷരീഫ് അരീക്കോട്, മുജീബ് മുവാറ്റുപുഴ, സഫീര്‍ തിരൂര്‍, ബഷീര്‍ ഇരുമ്പുഴി, ഷാജഹാന്‍ വളളിക്കുന്ന്, നാസര്‍ മഞ്ചേരി, ഖമറുദ്ദീന്‍ പെരിന്തല്‍മണ്ണ, ഷുക്കൂര്‍ തിരൂരങ്ങാടി, നൗഷാദ് അലി സ്‌കോപ്പ്, ഷൗകത്ത് പന്നിയങ്കര, ഇസ്മായില്‍ കരോളം, കുഞ്ഞോയി കോടമ്പുഴ, സിദ്ദീഖ് കുറോളി, ഫിറോസ് കാപ്പാട്, മജീദ് സൊങ്കള്‍, ജമാല്‍ തൃക്കരിപ്പൂര്‍, യാസര്‍ കാസര്‍ക്കോട്, ഫൈസല്‍ ബാബു ഫറോക്ക്, മജീദ് കണ്ണൂര്‍ സ്‌കോപ്പ് എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു.