
കൊല്‍ക്കത്ത: ഉറുഗ്വേക്കെതിരായ മത്സരത്തില്‍ ഇന്ത്യ നേരിട്ട കനത്ത തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ ഹെഡ് കോച്ച് ഖാലിദ് ജമീല്‍. രണ്ട് മത്സരങ്ങളില്‍ നിന്നായി പത്ത് ഗോളുകള്‍ വഴങ്ങിയ ഈ അന്താരാഷ്ട്ര ഇടവേള ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയതാണെന്ന് അദ്ദേഹം സമ്മതിച്ചു. തന്റെ ഗെയിം പ്ലാന്‍ പാളിയെന്നും എന്നാല്‍ മോശം ഫലങ്ങളുടെ പേരില്‍ കളിക്കാരെ കുറ്റപ്പെടുത്താന്‍ തയ്യാറല്ലെന്നും ജമീല്‍ വ്യക്തമാക്കി. ബെംഗളൂരുവില്‍ പനാമയുമായുള്ള സമനിലയോടെയാണ് ഇന്ത്യ ഈ മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍ പിന്നീട് ബ്രസീലിനെതിരെ 4-0നും, സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഉറുഗ്വേക്കെതിരെ 6-1നും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഉറുഗ്വേക്കെതിരായ മത്സരത്തില്‍ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തില്‍ 35 മിനിറ്റോളം നീണ്ടുനിന്ന മഴ തടസ്സത്തിന് ശേഷം ഉറുഗ്വേ തങ്ങളുടെ ആക്രമണം ശക്തമാക്കുകയും ഇന്ത്യയുടെ പ്രതിരോധത്തിലെ വീഴ്ചകള്‍ മുതലെടുത്ത് ഗോളുകള്‍ നേടുകയും ചെയ്തു. 'ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കാം. മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണ്. കളിക്കാര്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതുകൊണ്ടല്ല ഇത് സംഭവിച്ചത്. ഈ മത്സരത്തെക്കുറിച്ച് പറയുകയാണെങ്കില്‍, എന്റെ പ്ലാന്‍ നിലവാരത്തിനനുസരിച്ച് ഉയര്‍ന്നിരുന്നില്ല എന്ന് പറയേണ്ടിവരും.' ഖാലിദ് ജമീല്‍ പറഞ്ഞു.
തുടര്‍ച്ചയായ മത്സരങ്ങളുടെ ആദ്യ മുക്കാല്‍ മണിക്കൂര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെങ്കിലും, പിന്നീട് ശാരീരികക്ഷമതയിലോ ഏകാഗ്രതയിലോ ഉണ്ടായ കുറവാണ് വലിയ തോല്‍വികളിലേക്ക് നയിച്ചതെന്ന് ജമീല്‍ ചൂണ്ടിക്കാണിച്ചു. 'രണ്ട് മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ വഴങ്ങിയത് വളരെ മോശമാണ്. എന്നാല്‍ ഇത് എന്റെ തെറ്റാണ്, മറ്റാരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മത്സരങ്ങളില്‍ സ്ഥിരത പുലര്‍ത്താന്‍ കൂടുതല്‍ പരിശീലന ക്യാമ്പുകള്‍ ആവശ്യമാണ്.' ണെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീല്‍, ഉറുഗ്വേ തുടങ്ങിയ വന്‍കിട ടീമുകള്‍ക്കെതിരെ കളിക്കുന്നത് ടീമിന്റെ നിലവാരം മനസ്സിലാക്കാന്‍ സഹായിക്കുമെന്നും, ഫലങ്ങള്‍ അനുകൂലമല്ലെങ്കിലും ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര പര്യടനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!