ബാഴ്‌സലോണയുടെ പ്രകടനത്തില്‍ സംതൃപ്തനെന്ന് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍

By Web TeamFirst Published Dec 15, 2020, 2:30 PM IST
Highlights

പുറത്താക്കപ്പെട്ട ക്വിക്കെ സെതിയന് പകരം പരിശീലകനായ റൊണാള്‍ഡ് കൂമാന് കീഴില്‍ ഇതുവരെ സ്ഥിരതയോടെ കളിക്കാന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല. 

ബാഴ്‌സലോണ: യുവേഫ ചാന്പ്യന്‍സ് ലീഗില്‍ യുവന്റസിനോട് കാംപ് നൗവില്‍ വമ്പന്‍ തോല്‍വി നേരിട്ട ബാഴ്‌സലോണ ലാലീഗയില്‍ പതിനെട്ടാം സ്ഥാനക്കാരായ ലെവന്റയോട് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്. ലിയോണല്‍ മെസിയുടെ ഒറ്റഗോളിന് ആയിരുന്നു ബാഴ്‌സലോണയുടെ ജയം. പുറത്താക്കപ്പെട്ട ക്വിക്കെ സെതിയന് പകരം പരിശീലകനായ റൊണാള്‍ഡ് കൂമാന് കീഴില്‍ ഇതുവരെ സ്ഥിരതയോടെ കളിക്കാന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല. 

അന്‍സു ഫാറ്റി, ജെറാര്‍ഡ് പിക്വെ എന്നിവരുടെ പരിക്കിനൊപ്പം മെസി പതിവ് ഫോമിലേക്ക് ഉയരാത്തതും കാറ്റലന്‍ സംഘത്തിന് തിരിച്ചടിയാണ്. ഇതിന് പുറമേയാണ് ക്ലബിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. ലാലീഗയില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമായി പതിനേഴ് പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബാഴ്‌സലോണ. സമീപകാലത്തൊന്നും ബാഴ്‌സയുടെ തുടക്കം ഇത്ര മോശമായിട്ടില്ല.

തുടര്‍ തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും ബാഴ്‌സലോണയില്‍ തനിക്ക് സമ്മര്‍ദമില്ലെന്ന് കോച്ച് റൊണാള്‍ഡ് കൂമാന്‍ വ്യക്തമാക്കി. ടീമിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ലക്ഷ്യമിട്ട താരങ്ങളെയൊന്നും സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നില്ല. മെസി ടീം വിടുന്നുവെന്ന് പ്രഖ്യാപിച്ചതോടെ പലവിവാദങ്ങളില്‍ കുടുങ്ങിയ ബാഴ്‌സ, സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനെ ഒഴിവാക്കുകയും ചെയ്തു. ജനുവരിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്താല്‍ ടീമും ശക്തിപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ കൂമാന്‍.

click me!