
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ സെമിയില്‍ മൊറോക്കന്‍ വെല്ലുവിളി കടന്നത് ഫ്രാൻസ് ടീം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.. ഡ്രെസിംഗ് റൂമില്‍ നിന്ന് ഹോട്ടലിലേക്ക് വരെ ആഘോഷങ്ങള്‍ നീണ്ടു. എന്നാല്‍, മൊറോക്കോയ്ക്ക് എതിരെയുള്ള വിജയത്തിന് ശേഷം നടന്ന ആഘോഷത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങി നിര്‍ണായക പ്രകടനം പുറത്തെടുത്ത ജൂലസ് കൂണ്ടെയ്ക്കും ഇബ്രാഹിമ കൂണ്ടെയ്ക്കും പങ്കെടുത്തില്ല. മത്സരത്തിന് പിന്നാലെ ഇരുവര്‍ക്കും ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയരാവേണ്ടി വന്നിരുന്നു. ഇതോടെയാണ് താരങ്ങള്‍ക്ക് ടീമിനൊപ്പം ആഘോഷിക്കാന്‍ കഴിയാതെ പോയത്.
ഫിഫയുടെ ഉത്തേജക വിരുദ്ധ നിയമങ്ങള്‍ അനുസരിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന ഏതൊരു കളിക്കാരനെയും പരിശോധിക്കാൻ ഭരണ സമിതിക്ക് അവകാശമുണ്ട്. കൂടാതെ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയാല്‍ ആജീവനാന്ത വിലക്ക് പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്.
കിക്കോഫായി അഞ്ചാം മിനുറ്റില്‍ തിയോ ഹെര്‍ണാണ്ടസിന്‍റെ പറന്നടിയില്‍ ഫ്രാന്‍സ് മുന്നിലെത്തി. രണ്ടാം ഗോള്‍ 79-ാം മിനുറ്റില്‍ പകരക്കാരന്‍ കോളോ മുവാനിയുടെ വകയായിരുന്നു. പകരക്കാരനായി മൈതാനത്തിറങ്ങി വെറും 44-ാം സെക്കന്‍ഡിലായിരുന്നു മുവാനിയുടെ ഗോള്‍. ഒരു ആഫ്രിക്കൻ ടീമിന്‍റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീം ഫിഫ ലോകകപ്പിന്‍റെ സെമിയിലെത്തുന്നത്.
അതേസമയം, കലാശപോരാട്ടത്തിൽ അർജന്റീനയെ നേരിടാനുള്ള ഒരുക്കം ഫ്രാൻസ് സംഘം തുടങ്ങി കഴിഞ്ഞു. : ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനങ്ങളുമായി അര്‍ജന്‍റീനയെ ഫൈനലിലെത്തിച്ച ലിയോണല്‍ മെസിയുടെ ലോകകിരീടമെന്ന സ്വപ്നം തകര്‍ക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാം പറഞ്ഞുകഴിഞ്ഞു. മറഡോണയ്ക്കുശേഷം അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിക്കുന്ന നായകനാവാനൊരുങ്ങുകയാണ് മെസി, അതുകൊണ്ടുതന്നെ മെസിയെ തടയാന്‍ എന്താണ് പദ്ധതിയെന്ന ചോദ്യത്തിനാണ് ലോകകപ്പെന്ന മെസിയുടെ സ്വപ്നം തകര്‍ക്കാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് ദെഷാം വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!