കോഴിക്കോടിന്‍റെ കാൽപന്തുകളിയുടെ ആരവങ്ങളിൽ ഇനി 'ഓട്ടോ ചന്ദ്രൻ' ഇല്ല

By Web TeamFirst Published Nov 16, 2022, 5:43 PM IST
Highlights

ഓരോ ലോകകപ്പ് നടക്കുമ്പോഴും ചന്ദ്രൻ തന്‍റെ പാസ്‌പോർട്ട് പൊടിതട്ടിയെടുത്ത് വെയ്ക്കുന്നത് പതിവായിരുന്നു.എവിടെയെങ്കിലും ഒരു ലോകകപ്പ് മത്സരമെങ്കിലും കാണണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹവും.

കാൽപന്തുകളിയോടുള്ള അടങ്ങാത്ത സ്നേഹത്തിൻ്റെ ആരാധനയുടെ പ്രതീകമായിരുന്നു കോഴിക്കോട്ടുകാരൻ എൻ.പി.ചന്ദ്രൻ എന്ന ഓട്ടോ ചന്ദ്രൻ.കടുത്ത ഫുട്ബോൾ ആരാധകൻ. ടീമിനെയോ രാജ്യത്തേയോ നോക്കാതെ കളിക്കാരൻ്റെ കളിമികവിനെ മാത്രം പ്രോത്സാഹിപ്പിച്ച് കാൽപ്പന്തുകളി ടൂർണ്ണമെൻ്റുകളിലൂടെ അലഞ്ഞിരുന്നു ഓട്ടോ ചന്ദ്രൻ എന്ന മീശക്കാരൻ ഓർമ്മയായിരിക്കുന്നു. 

കളി മികവിനെ കുറിച്ച് പറയാൽ ഈ ലോകക്കപ്പ് കാലത്തും ഇനിയങ്ങോട്ടുള്ള ലോകകപ്പുകളിലും  ചന്ദ്രേട്ടനുണ്ടാകില്ല. പത്ത് വയസ്സുള്ളപ്പോൾ കണ്ട കളിയുടെ ആവേശകരമായ നിമിഷങ്ങൾ പോലും എഴുപതാം വയസ്സിലും അദ്ദേഹം ഓര്‍ത്തെടുത്ത് അനിതരസാധാരണമായ വാക്ചാതുരിയോടെ അവതരിപ്പിക്കുമായിരുന്നു. എഴുപതുകളിൽ കോഴിക്കോട്ട് മക്രാൻ,കറാച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ക്ലബ്ബുകളും പാകിസ്ഥാൻ ടീമുകളും തമ്മിൽ നടന്ന പ്രദർശന മത്സരങ്ങൾ അദ്ദേഹം വ്യക്തമായി ഓർത്തിരുന്നു.ഈസ്റ്റ് ബംഗാൾ മക്രാൻ സ്‌പോർട്‌സിനെയും കറാച്ചി കിക്കേഴ്‌സ് മലബാർ ഇലവനെയും നേരിട്ട മത്സരം.``ഇന്നത്തെ ഫ്ലഡ് ലൈറ്റിന് പകരം ബൾബുകൾ തൂക്കിയ മാനാഞ്ചിറ ഗ്രൗണ്ടിലാണ് രണ്ടാം മത്സരം നടന്നത്.മലബാർ ഇലവൻ താരം ശ്രീധരൻ ആദ്യമായി കിക്കറിന്‍റെ വല കുലുക്കി.അധികമാരും അവർക്കെതിരെ സ്‌കോർ ചെയ്തിട്ടില്ലാത്തതിനാൽ ഇതൊരു മികച്ച ഗോളായിരുന്നു." ചന്ദ്രൻ ഓര്‍ത്തെടുത്ത് കളിപറയും. 

അന്താരാഷ്‌ട്ര താരങ്ങളേക്കാൾ ദേശീയ ഫുട്‌ബോളിനെയും അതിലെ താരങ്ങളെയും ആരാധിക്കാൻ ഓട്ടോ ചന്ദ്രൻ ജീവിതകാലം മുഴുവൻ ചെലവഴിച്ചു എന്നതാണ് യാഥാർത്ഥ്യം.30 വർഷം മുമ്പ്  ഓട്ടോറിക്ഷ ഓടിച്ചിരുന്ന ചന്ദ്രൻ്റെ കെഎൽഡി 5373 നമ്പർ ഓട്ടോ ഫുട്ബോൾ താരങ്ങളുടെയും ആരാധകരുടെയും  സ്വത്തായിരുന്നു.നെഹ്‌റു കപ്പായാലും സന്തോഷ് ട്രോഫിയായാലും നാഗ്ജി ടൂർണമെന്‍റായാലും മിക്ക ടൂർണമെന്‍റുകളിലും ചന്ദ്രനും  അദ്ദേഹന്‍റെ ഓട്ടോറിക്ഷയും പരിചിതമായ കാഴ്ചയായിരുന്നു.

 

ചന്ദ്രന്‍റെ കളിയോടുള്ള ഭ്രാന്തമായ സ്നേഹം,ടൂർണ്ണമെൻറുകളിൽ സ്യൂട്ട്കേസുകളോ വാച്ചുകളോ പോലുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു.ടോപ്പ് സ്കോറർ അല്ലെങ്കിൽ മികച്ച ഗോൾ നേടിയ കളിക്കാരനായിരുന്നു അദ്ദേഹത്തിന്‍റെ സമ്മാനങ്ങള്‍ക്ക് അവകാശികള്‍. സെവൻസ് ഫുട്ബോൾ കോഴിക്കോട് ജനപ്രിയമായപ്പോൾ ടോപ് സ്‌കോറർക്ക് 1001 രൂപയുടെ പ്രത്യേക സമ്മാനങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തു.പരിക്കേറ്റ കളിക്കാരെ പരിചരിക്കാൻ മീശയുള്ള ഈ വലിയ ആരാധകൻ എന്നും തയ്യാറായിരുന്നു.കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മത്സരം നടന്നപ്പോൾ പരിക്കേറ്റ കളിക്കാരെ തന്‍റെ ഓട്ടോയിൽ നാട്ടുവൈദ്യൻ കുമാരൻ ഗുരുക്കളുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നത് ചന്ദ്രനായിരുന്നു.ഫുട്ബോൾ നടത്തിപ്പുകാരെ അടുത്തറിഞ്ഞിട്ടും സൗജന്യ പാസുകൾക്ക് പിന്നാലെ അദ്ദേഹം ഒരിക്കലും പോയിരുന്നില്ല. 

ഓരോ ലോകകപ്പ് നടക്കുമ്പോഴും ചന്ദ്രൻ തന്‍റെ പാസ്‌പോർട്ട് പൊടിതട്ടിയെടുത്ത് വെയ്ക്കുന്നത് പതിവായിരുന്നു.എവിടെയെങ്കിലും ഒരു ലോകകപ്പ് മത്സരമെങ്കിലും കാണണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹവും.ഓരോ തവണയും ബ്രസീൽ, അർജന്‍റീനയ്‌ക്കെതിരെ കളിക്കുമ്പോൾ സ്‌റ്റേഡിയത്തിന് അകത്ത് താൻ  ഇരിക്കുന്നത് അദ്ദേഹം സ്വപ്നം കാണുമായിരുന്നു. ഓരോ ലോകക്കപ്പിനും മുമ്പ് ചാമ്പ്യനെയും മികച്ച എട്ട് ടീമുകളെയും ഓട്ടോ ചന്ദ്രൻ പ്രവചിക്കും.ഇത്തവണ ഖത്തറിൽ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കോഴിക്കോട് തോപ്പയിൽ സ്വദേശിയായ ഓട്ടോ ചന്ദ്രൻ്റെ വിടവാങ്ങൽ. ഇനിയുള്ള കാൽപന്തുകളികളുടെ ആരവങ്ങളിൽ ഓട്ടോ ചന്ദ്രന്‍റെ അസാന്നിധ്യം കളി ആരാധകര്‍ക്ക് വലിയ നഷ്ടം തന്നെയാണ്.

click me!