ഈ വര്‍ഷം ലക്ഷ്യം മൂന്ന് കിരീടം, അതിലൊന്ന് ചാമ്പ്യന്‍സ് ലീഗ്: എംബാപ്പേ

By Web TeamFirst Published Jan 22, 2020, 6:15 PM IST
Highlights

ചാമ്പ്യൻസ് ലീഗ് നേടാനുള്ള കരുത്ത് ഇപ്പോഴത്തെ പിഎസ്‌ജി ടീമിനുണ്ടെന്നും ഒളിംപിക്‌സിൽ കളിക്കാൻ ക്ലബ് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും എംബാപ്പേ

പാരിസ്: ഈ വര്‍ഷം ഫുട്ബോളിൽ ട്രിപ്പിൾ കിരീടമാണ് ലക്ഷ്യമിടുന്നതെന്ന് ഫ്രഞ്ച് താരം കിലിയൻ എംബാപ്പേ. പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് ടീമിനൊപ്പം യൂറോ കപ്പിലും ടോക്യോ ഒളിംപിക്‌സിലും കിരീടം നേടുകയാണ് ഈ വർഷത്തെ തന്റെ ലക്ഷ്യമെന്ന് ഇരുപത്തിയൊന്നുകാരനായ എംബാപ്പേ പറഞ്ഞു. 

2018ൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ എംബാപ്പേ നിർണായക പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് നേടാനുള്ള കരുത്ത് ഇപ്പോഴത്തെ പിഎസ്‌ജി ടീമിനുണ്ടെന്നും ഒളിംപിക്‌സിൽ കളിക്കാൻ ക്ലബ് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും എംബാപ്പേ പറഞ്ഞു. ജൂൺ 12 മുതൽ ജൂലൈ 12 വരെയാണ് യൂറോ കപ്പ് നടക്കുക. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടുവരെ ജപ്പാനിലെ ടോക്യോയിൽ ഒളിംപിക്‌സും നടക്കും. 

ചാമ്പ്യന്‍സ്‌ ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ എതിരാളികളെയാണ് പിഎസ്‌ജിക്ക് നേരിടേണ്ടത്. ജര്‍മ്മന്‍ ലീഗില്‍ നാലാം സ്ഥാനക്കാരെങ്കിലും ബൊറൂസിയ ഡോര്‍ഡ്‌മുണ്ടുമായുള്ള പിഎസ്‌ജിയുടെ മത്സരം കടുക്കും. ഫെബ്രുവരി 19-ാം തിയതി ബൊറൂസിയയുടെ തട്ടകത്തിലാണ് ആദ്യപാദം. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനക്കാരാണ് പിഎസ്‌ജി. ഇതിനിടെ സൂപ്പര്‍ താരം എഡിന്‍‌സണ്‍ കവാനി ക്ലബ് വിടാന്‍ പദ്ധതിയിടുന്നുണ്ട്. 

Read more: പിഎസ്‌ജിയോട് ഉടന്‍ വിട പറയാന്‍ കവാനി; നോട്ടമിട്ട് ഇംഗ്ലീഷ് വമ്പന്‍മാര്‍

click me!