പാരിസ്: ക്ലബിൽ തുടരാന്‍ താല്‍പര്യമില്ലെന്ന് സ്‌ട്രൈക്കര്‍ എഡിന്‍സൺ കവാനി വ്യക്തമാക്കിയതായി ഫ്രഞ്ച് ക്ലബ് പിഎസ്‌ജി. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ ക്ലബ് മാറ്റം ആവശ്യപ്പെട്ടാണ് മുപ്പത്തിരണ്ടുകാരനായ താരം അധികൃതരെ സമീപിച്ചത്. എന്നാല്‍ താരത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നോട്ടുവച്ച ഓഫര്‍ നിരസിച്ചതായും പിഎസ്‌ജി വ്യക്തമാക്കി.

കവാനി പിഎസ്‌ജിയിൽ ഏഴാം സീസൺ ആണ് കളിക്കുന്നത്. പിഎസ്‌ജിയുടെ കഴിഞ്ഞ രണ്ട് മത്സരത്തിലും കവാനി കളിച്ചിരുന്നില്ല. താരത്തിന് പരിക്ക് എന്നായിരുന്നു ക്ലബിന്‍റെ വിശദീകരണം. ഈ മാസം കഴിഞ്ഞാല്‍ കവാനി ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്ന് പിഎസ്‌ജി കോച്ച് തോമസ് ടച്ചലും പറ‌ഞ്ഞിരുന്നു. കവാനി ചെൽസിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ 14 മത്സരങ്ങളില്‍ മാത്രമാണ് കവാനിയെ പിഎസ്‌ജി ഇറക്കിയത്. 

നാപ്പോളിയില്‍ നിന്ന് 2013ലാണ് കവാനി പാരിസ്‌ ക്ലബിലെത്തിയത്. 64 മില്യണ്‍ യൂറോയ്‌ക്ക് അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഫ്രഞ്ച് ലീഗില്‍ അതുവരെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന ലേലതുകയായിരുന്നു ഇത്. പിഎസ്‌ജിക്കായി ഇതുവരെ 293 മത്സരങ്ങളില്‍ ഉറുഗ്വേ താരം 198 ഗോളുകള്‍ നേടി.

Read more...കവാനിയെ കൂടാരത്തിലെത്തിക്കാന്‍ അത്‌ലറ്റിക്കോ