സിദാനെ അപമാനിച്ചു, ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റിനെതിരെ തുറന്നടിച്ച് എംബാപ്പെ

By Web TeamFirst Published Jan 9, 2023, 10:56 AM IST
Highlights

സിദാന് എവിടെ വേണമെങ്കിലും പോകാം. ഏതെങ്കിലും ക്ലബ്ബിലേക്കോ എവിടേക്കാണെങ്കിലും. ഇനി ഇതുപറഞ്ഞ് സിദാന്‍ എന്നെ വിളിച്ചാലും ഞാന്‍ ഫോണെടുക്കാന്‍ പോകുന്നില്ല എന്നായിരുന്നു ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.

പാരീസ്: ഫ്രാന്‍സിന്‍റെ പരിശീലക സ്ഥാനത്ത് ദിദിയെര്‍ ദെഷാമിന് 2026 ലോകകപ്പ് വരെ കാലാവധി നീട്ടി നല്‍കിയതിന് പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റ്  ലെ ഗ്രായെറ്റ് ഇതിഹാസ താരം സിനദിന്‍ സിദാനെ അപമാനിച്ചതിനെതിരെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫ്രാന്‍സ് പരിശീലകനാവാനുള്ള ആഗ്രഹം പരസ്യമാക്കിയിട്ടുള്ള സിദാനെ അവഗണിച്ചാണ് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ ദെഷാമിന് 2026 രെ കാലാവധി നീട്ടി നല്‍കിയത്.

ഫ്രാന്‍സ് പരിഗണിക്കാത്ത സാഹചര്യത്തില്‍ സിദാന് ബ്രസീല്‍ പരിശീലകനായി പോവുമോ എന്ന ചോദ്യത്തിന് ലെ ഗ്രായെറ്റ് നല്‍കിയ മറുപടിയാണ് വിമര്‍ശനത്തിന് കാരണമായത്. അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല, അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തേക്ക് പോകാം. ഫ്രാന്‍സിന്‍റെ പരിശീലകനാവാന്‍ അദ്ദേഹത്തിന് ആഗ്രമുണ്ടായിരുന്നു എന്ന് എനിക്കറിയാം. ദെഷാമിന്‍റെ പകരക്കാരനായി വരാന്‍ സിദാന് കുറേപ്പേരുടെ പിന്തുണയുണ്ടെന്നും എനിക്കറിയാം.

എന്നാല്‍ ദെഷാമിന് പകരക്കാരനാവാന്‍ ആര്‍ക്കാണ് കഴിയുക. ആര്‍ക്കുമില്ല, സിദാന്‍ അത് ആഗ്രഹിക്കുന്നെങ്കില്‍ അത് എന്നെ ബാധിക്കുന്ന കാര്യമല്ല, ഞാന്‍ സിദാനെ കണ്ടിട്ടില്ല, ദെഷാമുമായി വഴി പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ട് പോലുമില്ല. അതുകൊണ്ട് സിദാന് എവിടെ വേണമെങ്കിലും പോകാം. ഏതെങ്കിലും ക്ലബ്ബിലേക്കോ എവിടേക്കാണെങ്കിലും. ഇനി ഇതുപറഞ്ഞ് സിദാന്‍ എന്നെ വിളിച്ചാലും ഞാന്‍ ഫോണെടുക്കാന്‍ പോകുന്നില്ല എന്നായിരുന്നു ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.

സിദാന്‍ നാലു വര്‍ഷം കൂടി കാത്തിരിക്കണം; അടുത്ത ലോകകപ്പ് വരെ ഫ്രാന്‍സിന്‍റെ പരിശീലകനായി ദെഷാം തുടരും

എന്നാല്‍ ഫ്രാന്‍സ് എന്നാല്‍ സിദാനാണെന്നും അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിക്കരുതെന്നും എംബാപ്പെ ട്വിറ്ററില്‍ പറഞ്ഞു. ഫ്രാന്‍സിലെ കായിക മന്ത്രിയായ അമേലി ഒഡേയയും കാസ്റ്റേരയും ലെ ഗ്രായെറ്റിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പരിധികള്‍ ലംഘിച്ചുവെന്ന് മന്ത്രി പറഞ്ഞു.

Zidane c’est la France, on manque pas de respect à la légende comme ça… 🤦🏽‍♂️

— Kylian Mbappé (@KMbappe)

ഇതിനിടെ, അമേരിക്കൻ ഫുട്ബോൾ ടീമിന്‍റെ പരിശീലകനാവാനുള്ള ഓഫർ സിനദിൻ സിദാൻ നിരസിച്ചിരുന്നു. ലോകകപ്പോടെ കരാർ അവസാനിച്ച ഗ്രെഗ് ബെർഹാൾട്ടറിന് പകരമാണ് അമേരിക്ക സിദാനെ സമീപിച്ചത്. എന്നാൽ അമേരിക്കൻ കോച്ചാവാൻ താൽപര്യമില്ലെന്ന് സിദാൻ വ്യക്തമാക്കി. നേരത്തേ, ബ്രസീൽ , പോർച്ചുഗൽ ടീമുകളും സിദാനെ പരിഗണിച്ചിരുന്നു. റയൽ മാഡ്രിഡിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം സിദാൻ മറ്റ് ചുമതലകൾ ഒന്നും ഏറ്റെടുത്തിട്ടില്ല. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ള സിദാന്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പരിശീലകനാണ്.

click me!