Real Madrid lose : പുതുവര്‍ഷത്തില്‍ റയലിനെ അട്ടിമറിച്ച് ഗെറ്റാഫെ; ബാഴ്‌സയ്‌ക്കും അത്‌ലറ്റിക്കോയ്‌ക്കും ജയം

By Web TeamFirst Published Jan 3, 2022, 8:33 AM IST
Highlights

കൊവിഡും പരിക്കും കാരണം പത്തോളം പ്രധാന താരങ്ങളുടെ അഭാവത്തിലാണ് ബാഴ്സലോണയുടെ ജയം

ഗെറ്റാഫെ: സ്‌പാനിഷ് ലീഗില്‍ (LaLiga 2021-22) പുതുവര്‍ഷത്തെ ആദ്യ മത്സരത്തില്‍ റയൽ മാഡ്രിഡിന് (Real Madrid Fc) ഞെട്ടിക്കുന്ന തോൽവി. പതിനാറാം സ്ഥാനത്തുള്ള ഗെറ്റാഫെ (Getafe Fc) മറുപടിയില്ലാത്ത ഒരു ഗോളിന് റയലിനെ അട്ടിമറിച്ചു. ഒന്‍പതാം മിനിറ്റില്‍ തുര്‍ക്കി താരം എനെസ് യുനാല്‍ (Enes Unal) ആണ് നിര്‍ണായകഗോള്‍ നേടിയത്. തോൽവിയറിയാതെ 15 മത്സരങ്ങള്‍ക്ക് ശേഷമാണ് റയൽ കീഴടങ്ങുന്നത്.

തോറ്റെങ്കിലും 20 കളിയിൽ 46 പോയിന്‍റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരും. സീസണിൽ റയലിന്‍റെ രണ്ടാമത്തെ തോൽവിയാണിത്.

സ്‌പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിജയവഴിയിൽ തിരിച്ചെത്തി. മയോര്‍ക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ തോൽപ്പിച്ചത്. 44-ാം മിനുറ്റിൽ ലൂക്ക് ഡിയോങ് നിർണായക ഗോൾ നേടി. കൊവിഡും പരിക്കും കാരണം പത്തോളം പ്രധാന താരങ്ങളുടെ അഭാവത്തിലാണ് ബാഴ്സലോണയുടെ ജയം. ജയത്തോടെ 31 പോയിന്‍റുമായി ബാഴ്‌സ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

അതേസമയം അത്‍‍ലറ്റിക്കോ മാഡ്രിഡ് ആധികാരിക ജയം പേരിലാക്കി. റയോ വയേക്കാനോയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് അത്‌ലറ്റിക്കോ തോൽപ്പിച്ചു. ഏഞ്ചൽ കോറേയ ആണ് ചാമ്പ്യന്മാര്‍ക്കായി 2 ഗോളും നേടിയത്. 28, 53 മിനിറ്റുകളിലാണ് ഗോളുകള്‍. ഇതോടെ പോയിന്‍റ് പട്ടികയിൽ വയ്യേക്കാനോയെ മറികടക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് കഴിഞ്ഞു. 19 കളിയിൽ 32 പോയിന്‍റുമായി അത്‌ലറ്റിക്കോ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 30 പോയിന്‍റുമായി വയ്യേക്കാനോ ആറാമതുണ്ട്. 

EPL : ചെല്‍സിയും ലിവര്‍പൂളം രണ്ട് ഗോള്‍ വീതമടിച്ച് പിരിഞ്ഞു; ബ്രൈറ്റണും ബ്രെന്റ്‌ഫോര്‍ഡിനും ജയം
 

click me!