
സെവിയ്യ: ലാലിഗയിൽ (LaLiga) സെവിയ്യയ്ക്ക് (Sevilla) എതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം വമ്പൻ തിരിച്ചുവരവുമായി റയൽ മാഡ്രിഡ് (Real Madrid). 3-2നാണ് റയൽ മാഡ്രിഡിന്‍റെ വിജയം. രണ്ടാം പകുതിയിലെ മൂന്നടിയില്‍ റയല്‍ മത്സരം പിടിച്ചടക്കുകയായിരുന്നു. പതിവുപോലെ കരീം ബെന്‍സേമയാണ് (Karim Benzema) റയലിന്‍റെ രക്ഷകനായത്.
കളി തുടങ്ങി 21-ാം മിനുറ്റിൽ റാകിറ്റിച്ച് സെവിയ്യയെ മുന്നിലെത്തിച്ചു. നാല് മിനുറ്റുകൾക്ക് ശേഷം ലമേല ലീഡ് ഉയർത്തി. ആദ്യ പകുതി തീരും വരെ റയലിന് തിരിച്ചടിക്കാനായില്ല. രണ്ടാം പകുതിയിലാണ് റയൽ മൂന്ന് ഗോളും അടിച്ചത്. അമ്പതാം മിനുറ്റിൽ റോഡ്രിഗോ, 82-ാം മിനുറ്റിൽ നാചോ എന്നിവരുടെ ഗോളിലൂടെ റയൽ ഒപ്പമെത്തി. കളിയുടെ അധികസമയത്ത് ആയിരുന്നു പതിവുപോലെ രക്ഷകനായി ബെൻസേമയുടെ വരവ്. 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്‍റുമായി കിരീടത്തിലേക്ക് അതിവേഗം കുതിക്കുകയാണ് റയൽ. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 60 പോയിന്‍റ് മാത്രമേയുള്ളൂ.
പിഎസ്‌ജി കിരീടത്തിനരികെ
അതേസമയം ഫ്രഞ്ച് ലീഗിൽ കീരീടത്തിന് തൊട്ടരികെയെത്തി പിഎസ്‌ജി. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് മുന്നേറ്റം. നെയ്‌മർ, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഗോൾ നേടിയത്. 32 മത്സരങ്ങളിൽ നിന്ന് 74 പോയിന്‍റുള്ള പിഎസ്‌ജിക്ക് അടുത്ത കളിയിൽ ജയിച്ചാൽ കിരീടം ഉറപ്പിക്കാം. രണ്ടാം സ്ഥാനത്തുള്ള മാഴ്സയ്ക്ക് പരമാവധി ഇനി നേടാനാകുന്ന പോയിന്‍റ് 77 മാത്രമാണ്.
ജര്‍മനിയില്‍ ബയേണും കിരീടത്തിനടുത്ത്
ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക് കിരീടത്തിലേക്ക് അടുത്തു. നിലവിലെ ചാമ്പ്യൻമാർ മുപ്പതാം റൗണ്ടിൽ എതിരില്ലാത്ത മൂന്ന് ഗോളിന് അർമീനിയ ബീൽഫെൽഡിനെ തോൽപിച്ചു. ജേക്കബ് ലോസന്‍റെ സെൽഫ് ഗോളിലൂടെയാണ് ബയേൺ മുന്നിലെത്തിയത്. സെർജി ഗ്നാബ്രിയും ജമാൽ മുസ്യാലയും ചാമ്പ്യൻമാരുടെ ജയം പൂർത്തിയാക്കി. ലീഗിൽ നാല് മത്സരം ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള ബൊറൂസ്യ ഡോർട്ട്മുണ്ടിനേക്കാൾ ഒൻപത് പോയിന്‍റ് മുന്നിലാണിപ്പോൾ തുടർച്ചയായ പത്താം കിരീടം ലക്ഷ്യമിടുന്ന ബയേൺ. അടുത്താഴ്‌ച ബൊറൂസ്യക്കെതിരായ മത്സരത്തിൽ ജയിച്ചാൽ ബയേണിന് കിരീടം ഉറപ്പിക്കാം.
Santosh Trophy: അടി, തിരിച്ചടി, മൂന്നടിച്ച് കർണാടക-ഒഡീഷ്യ മത്സരം സമനിലയിൽ പിരിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!