
മാഡ്രിഡ്: സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡർബിയില്‍ റയല്‍ മാഡ്രിഡിന് നാടകീയ സമനില. സാന്‍റിയാഗോ ബെർണബ്യൂവില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 1-1നായിരുന്നു റയലിന്‍റെ സമനില. ഇതോടെ കിരീടപ്പോരാട്ടത്തില്‍ ബാഴ്സലോണ ഏഴ് പോയിന്‍റിന്‍റെ നിർണായക ലീഡ് ഉറപ്പിച്ചു. അത്‍ലറ്റിക്കോയ്ക്ക് എതിരെ വിജയിച്ച് പോയിന്‍റ് അകലം കുറയ്ക്കാനിറങ്ങിയ റയലിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോള്‍മഴ പെയ്യിക്കാനായില്ല. റയല്‍ 23 കളിയില്‍ 52 പോയിന്‍റുമായി രണ്ടാമത് തുടരുമ്പോള്‍ ഒരു മത്സരം കുറവ് കളിച്ച ബാഴ്സ 59 പോയിന്‍റുമായി തലപ്പത്ത് കുതിക്കുകയാണ്.
ബെർണബ്യൂവില്‍ പന്തടക്കവും ആക്രമണവും സൂക്ഷിച്ചെങ്കിലും റയലിന് തുടക്കത്തിലെ മുന്നിലെത്താനുള്ള അവസരങ്ങള്‍ നഷ്ടമായി. ഇടത് വിങ്ങില്‍ വിനീഷ്യസ് ജൂനിയർ നടത്തിയ നീക്കങ്ങളൊന്നും ഗോളിലേക്ക് എത്തിയില്ല. ഫിനിഷിംഗില്‍ സൂപ്പർ താരം കരീം ബെന്‍സേമ നിഴല്‍ മാത്രമാവുകയും ചെയ്തു. ഗോള്‍ബാറിന് കീഴെ ഒബ്ലാക്കിന്‍റെ മികവ് നിർണായകമായി. 64-ാം മിനുറ്റില്‍ റയല്‍ പ്രതിരോധ താരം ആന്‍റോണിയോ റൂഡിഗറിനെ കൈമുട്ട് കൊണ്ട് ഇടിച്ചെന്ന കാരണത്തിന് അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ ഏഞ്ചല്‍ കോറിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 10 പേരുമായി ചുരുങ്ങിയിട്ടും 78-ാം മിനുറ്റില്‍ ഗ്രീസ്‍മാന്‍റെ ഫ്രീകിക്കില്‍ നിന്നുള്ള തകർപ്പന്‍ ഹെഡറിലൂടെ മരിയ ഗിമനെസ് അത്‍ലറ്റിക്കോയെ മുന്നിലെത്തിച്ചു. മാർക്ക് ചെയ്യപ്പെടാണ്ട് നിന്ന ഗിമനെസ് പറന്നെത്തി റയല്‍ ഗോളി ക്വാർട്ടയെ കബളിപ്പിക്കുകയായിരുന്നു.
ഗോള്‍ മാറി നിന്നതോടെ പകരക്കാരെ ഇറക്കി കാർലോസ് ആഞ്ചലോട്ടി പഠിച്ച എല്ലാ അടവുകളും പയറ്റി. കാമവിംഗയും ടച്ചമിനിയും എത്തിയതോടെ ആക്രമണത്തിന് മൂർച്ച കൂടിയെങ്കിലും വല ചലിച്ചില്ല. കാമവിംഗയുടെ ഗോളെന്ന് ഉറച്ച ഷോട്ട് ഒബ്ലാക്ക് രക്ഷപ്പെടുത്തി. എന്നാല്‍ പകരക്കാരന്‍റെ വേഷത്തിലെത്തിയ കൗമാരക്കാരന്‍ ആല്‍വാരോ റോഡ്രിഗസ് 85-ാം മിനുറ്റില്‍ ലൂക്കാ മോഡ്രിച്ചിന്‍റെ കോർണറില്‍ നിന്ന് തകർപ്പന്‍ ഹെഡറിലൂടെ റയലിനായി സമനില ഗോള്‍ കണ്ടെത്തി. മാർക്ക് ചെയ്യപ്പെടാണ്ട് നിന്ന ശേഷമായിരുന്നു 18കാരന്‍റെ ഗംഭീര ഗോള്‍. റയല്‍ സീനിയർ ടീമിനായി അരങ്ങേറി വെറും രണ്ടാം മത്സരത്തിലാണ് ആല്‍വാരോ ഗോള്‍ബുക്കില്‍ ഇടംപിടിച്ചത്.
വിട്ടുകൊടുക്കാതെ സിറ്റി, ബോൺമൗത്തിനെതിരെ ഗോള്‍മഴ; പ്രീമിയർ ലീഗ് കൂടുതല്‍ ആവേശത്തിലേക്ക്