
ഈ ലോകകപ്പിൽ ഫുട്ബോൾ പ്രേമികൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന താരങ്ങളിൽ ഒരാളാണ് സ്‌പെയിനിന്റെ പതിനെട്ടുവയസുകാരൻ ലമീൻ യമാൽ. ബാഴ്‌സലോണയ്ക്ക് വേണ്ടി മിന്നും ഫോമിൽ കളിക്കുന്ന റൈറ്റ് വിംഗർ ഈ ലോകകപ്പിൽ അത്ഭുതം സൃഷ്ടിക്കുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. 2010 ലെ കിരീടനേട്ടത്തിന് ശേഷം ഇക്കുറി വിശ്വകിരീടം സ്പെയ്നിലെത്തിക്കാനാണ് ഫ്യൂന്തെയും സംഘവും അമേരിക്കയിലെത്തിയിരിയ്ക്കുന്നത്. യുവതാരനിരയുടെ ശക്തമായ സാന്നിധ്യം തന്നെയാണ് സ്‌പെയിനിന്റെ ഏറ്റവും വലിയ കരുത്ത്. യമാൽ, പൗ കുബാർസി, പെഡ്രി, ഗാവി, ഡാനി ഓൾമോ, സുബിമെന്റി, ഫെറാൻ ടോറസ്, നിക്കോ വില്യംസ്, പെഡ്രോ പൊറോ, ജൊവാൻ ഗാർഷ്യ തുടങ്ങീ മികച്ച യുവനിരതന്നെയാണ് സ്പെയ്നിനുള്ളത്. അതേസമയം ബാലൻ ഡി ഓർ വിന്നർ റോഡ്രിയുടെ പരിചയസമ്പത്തും ടീമിന് ഗുണം ചെയ്യും.
ലോകകപ്പിലെ ഏറ്റവും ഹോട്ട് ടോപിക് ആണ് ലമീൻ യമാൽ. മെസിയോടും നെയ്മറിനോടുമുള്ള തന്റെ അർധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള യമാൽ സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ്. സ്പെയ്നിന് 2024 ൽ യൂറോ കിരീടം നേടികൊടുക്കുന്നതിൽ യമാലിന്റെ പങ്ക് വലുതായിരുന്നു. ഇത്തവണ ലോകകപ്പിൽ മികച്ച യുവതാരമായി യമാൽ മാറുമെന്നാണ് ഫുട്ബോൾ പണ്ഡിതർ വിലയിരുത്തുന്നത്. യമാലിന്റെ വിംഗുകളിലൂടെയുള്ള വേഗതയേറിയ ആക്രമണ ശൈലിയും ഡ്രിബ്ലിങ്ങും പ്രതിരോധമതിലുകൾ ഭേദിച്ചുള്ള പാസുകളും എതിർ ടീമുകൾക്ക് തലവേദനയാവുമെന്നുറപ്പാണ്.
ബാഴ്‌സലോണയ്ക്ക് വേണ്ടി പത്താം നമ്പറിൽ കളിക്കുന്ന താരം ലോകകപ്പിൽ പത്തൊൻപതാം നമ്പർ ജേഴ്സിയിലാണ് കളത്തിലിറങ്ങുന്നത്. അറ്റാക്കിങ്ങ് മിഡ്ഫീൽഡറായി കളത്തിലിറങ്ങുന്ന ഡാനി ഓൾമോയാണ് സ്‌പെയിനിന്റെ പത്താം നമ്പർ. ഇതുമായി ബന്ധപ്പെട്ട യമാൽ മൂന്ന് ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മെസ്സിയുടെ 2006 ലോകകപ്പിലെ പത്തൊൻപതാം നമ്പർ ജേഴ്‌സിയും തന്റെ നിലവിലെ ജേഴ്‌സിയും തമ്മിലെ ഒരു കൊളാഷ് ചിത്രമാണ് യമാൽ പങ്കുവച്ചിരിക്കുന്നത്.
അന്ന് കേവലം പതിനെട്ട് വയസായിരുന്നു മെസ്സിയുടെ ആദ്യ ലോകകപ്പായിരുന്നു 2006 ൽ ജർമനിയിൽ അരങ്ങേറിയത്. പലപ്പോഴും ബാഴ്‌സയിൽ മെസ്സിയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം കൂടിയാണ് യമാൽ. ജൂൺ 21 ന് സൗദി അറേബിയയുമായുള്ള മത്സരത്തിൽ പരിക്കിൽ നിന്നും മുക്തനായ യമാൽ ആദ്യ ഇലവനിൽ ഇടംപിടിക്കുമോ എന്നാണ് ആരാധകർ ഇനി ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!