
മാഞ്ചസ്റ്റര്‍: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കുറച്ച് മാസങ്ങളായി തന്നെക്കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമേ ശരിയുള്ളൂ എന്ന് റൊണാൾഡോ പറഞ്ഞു. അസത്യ വാർത്തകളുടെ കണക്ക് തന്‍റെ കൈവശമുണ്ടെന്നും റൊണാൾഡോ വ്യക്തമാക്കി. ടീമിന്‍റെ മോശം പ്രകടനം കാരണം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന സുഹൃത്തിന്‍റെ പോസ്റ്റിന് കമന്‍റായാണ് സൂപ്പർതാരം ഇക്കാര്യം പറഞ്ഞത്.
മാഞ്ചസ്റ്റര്‍ വിടുമോ സിആര്‍7?
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതയേറി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാധ്യമങ്ങള്‍ക്ക് റോണോയുടെ വിമര്‍ശനം. സമ്മർ ട്രാൻസ്ഫർ ജാലകത്തിന്‍റെ അവസാന ദിനങ്ങളില്‍ റോണോയ്ക്കായി ആരെങ്കിലും രംഗത്തെത്തുമോ എന്ന് വ്യക്തമല്ലെങ്കിലും റൊണാൾഡോയുടെ സാന്നിധ്യം കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും ടീമിനെ മോശമായി ബാധിക്കുന്നുവെന്നാണ് ടീം മാനേജ്മെന്‍റ് വിലയിരുത്തുന്നത്. ബ്രെന്‍റ്ഫോർഡിന് എതിരായ മത്സരത്തിന് ശേഷം റൊണാൾഡോ ആരാധകരോട് മോശമായി പെരുമാറിയതും യുണൈറ്റഡിന്‍റെ തീരുമാനം മാറാൻ കാരണമായി.
കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി യുവന്‍റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറേ നാളുകളായി ടീം വിടാനുള്ള ശ്രമത്തിലാണ്. യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതും പുതിയ സീസണിലേക്ക് ടീം മാനേജ്മെന്‍റ് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് ഈ നീക്കത്തിന് കാരണം. പ്രീ സീസൺ പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിന്നിട്ടുപോലും റൊണാൾഡോ ടീമിന്‍റെ അവിഭാജ്യ ഘടകമാണ് എന്നായിരുന്നു കോച്ച് എറിക് ടെൻ ഹാഗിന്റെ നിലപാട്. എന്നാൽ പ്രീമിയർ ലീഗിലെ ആദ്യ രണ്ട് കളിയിലും തോൽവി നേരിട്ടതോടെ യുണൈറ്റഡും കോച്ചും തീരുമാനം മാറ്റുകയായിരുന്നു.
ആര് സ്വന്തമാക്കും?
സിആ7ന് ഒരു വർഷം കൂടി കരാർ യുണൈറ്റഡില്‍ അവശേഷിക്കുന്നുണ്ട്. സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പുതിയൊരു ക്ലബ് കണ്ടെത്തുക റൊണാൾഡോയ്ക്ക് എളുപ്പമാവില്ല. റയൽ മാഡ്രിഡ്, ചെൽസി, അത്‍ലറ്റിക്കോ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ക്ലബുകൾ റൊണാൾഡോയെ വേണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അങ്ങനെ സിആർ7 തറവാട്ടിന് പുറത്തേക്ക്? റൊണാൾഡോ യുണൈറ്റഡ് വിടാന്‍ സാധ്യതയേറുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!