Asianet News MalayalamAsianet News Malayalam

അങ്ങനെ സിആർ7 തറവാട്ടിന് പുറത്തേക്ക്? റൊണാൾഡോ യുണൈറ്റഡ് വിടാന്‍ സാധ്യതയേറുന്നു

കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി യുവന്‍റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറേ നാളുകളായി ടീം വിടാനുള്ള ശ്രമത്തിലാണ്

Cristiano Ronaldo may be allowed to leave Manchester United Summer 2022 Transfer Window
Author
Manchester, First Published Aug 17, 2022, 8:54 AM IST

മാഞ്ചസ്റ്റർ: സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതയേറി. ഉചിതമായ ഓഫർ വന്നാൽ റൊണാൾഡോയെ കൈമാറാനാണ് യുണൈറ്റഡിന്‍റെ നീക്കം. എന്നാല്‍ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്‍റെ അവസാന ദിനങ്ങളില്‍ റോണോയ്ക്കായി ആരെങ്കിലും രംഗത്തെത്തുമോ എന്ന് വ്യക്തമല്ല. സിആ7ന് ഒരു വർഷം കൂടി കരാർ യുണൈറ്റഡില്‍ അവശേഷിക്കുന്നുണ്ട്. സീസണിലെ ആദ്യ രണ്ട് കളികളും തോറ്റ് വമ്പന്‍ പ്രതിരോധത്തിലാണ് പുതിയ പരിശീലകന്‍ എറിക് ടെൻ ഹാഗിന്‍റെ കീഴില്‍ ക്ലബ്. 

കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി യുവന്‍റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറേ നാളുകളായി ടീം വിടാനുള്ള ശ്രമത്തിലാണ്. യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതും പുതിയ സീസണിലേക്ക് ടീം മാനേജ്മെന്‍റ് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് ഈ നീക്കത്തിന് കാരണം. പ്രീ സീസൺ പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിന്നിട്ടുപോലും റൊണാൾഡോ ടീമിന്‍റെ അവിഭാജ്യ ഘടകമാണ് എന്നായിരുന്നു കോച്ച് എറിക് ടെൻ ഹാഗിന്റെ നിലപാട്. എന്നാൽ പ്രീമിയർ ലീഗിലെ ആദ്യ രണ്ട് കളിയിലും തോൽവി നേരിട്ടതോടെ യുണൈറ്റഡും കോച്ചും തീരുമാനം മാറ്റി. ഇതോടെ സമ്മർ ട്രാൻസ്ഫർ ജാലകം അടയ്ക്കും മുൻപ് റൊണാൾഡോയ്ക്ക് യുണൈറ്റഡ് വിട്ടുപോകാം. 

റൊണാൾഡോയുടെ സാന്നിധ്യം കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും ടീമിനെ മോശമായി ബാധിക്കുന്നുവെന്നാണ് ടീം മാനേജ്മെന്‍റ് വിലയിരുത്തുന്നത്. റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പ്രീ സീസൺ മത്സരങ്ങളിൽ യുണൈറ്റഡ് ജയിച്ചിരുന്നു. ബ്രെന്‍റ്ഫോർഡിന് എതിരായ മത്സരത്തിന് ശേഷം റൊണാൾഡോ ആരാധകരോട് മോശമായി പെരുമാറിയതും യുണൈറ്റഡിന്‍റെ തീരുമാനം മാറാൻ കാരണമായി. എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പുതിയൊരു ക്ലബ് കണ്ടെത്തുക റൊണാൾഡോയ്ക്ക് എളുപ്പമാവില്ല. റയൽ മാഡ്രിഡ്, ചെൽസി, അത്‍ലറ്റിക്കോ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ക്ലബുകൾ റൊണാൾഡോയെ വേണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫിഫയുടെ വിലക്ക്: കേരള ബ്ലാസ്റ്റേഴ്സിന് കനത്ത പ്രഹരം; യുഎഇയിലെ സന്നാഹമത്സരങ്ങള്‍ നഷ്ടമാകും

Follow Us:
Download App:
  • android
  • ios