യൂറോപ്യന്‍ ക്ലബുകളുടെ എതിര്‍പ്പ്; തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ മാറ്റിവച്ചു

By Web TeamFirst Published Mar 8, 2021, 12:27 PM IST
Highlights

ബ്രസീല്‍- അര്‍ജന്റീന പോരാട്ടം ഉള്‍പ്പടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മത്സരങ്ങളാണ് കോണ്‍മെബോള്‍ നീട്ടിവച്ചത്. 

ബ്യൂണസ് ഐറിസ്: തെക്കേ അമേരിക്കയില്‍ ഈമാസം നടക്കേണ്ട ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ മാറ്റിവച്ചു. യൂറോപ്യന്‍ ക്ലബുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ബ്രസീല്‍- അര്‍ജന്റീന പോരാട്ടം ഉള്‍പ്പടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മത്സരങ്ങളാണ് കോണ്‍മെബോള്‍ നീട്ടിവച്ചത്. 

കൊവിഡ് നിയന്ത്രണവിധേയാമാവാത്ത പശ്ചാത്തലത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ താരങ്ങളെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് അയക്കില്ലെന്ന് യൂറോപ്പിലെ പ്രമുഖ ക്ലബുകള്‍ ഫിഫയെ അറിയിച്ചിരുന്നു. ബയോ ബബിളില്‍ നിന്ന് താരങ്ങള്‍ പുറത്തുപോവുന്നത് ടീമിനെയാകെ ബാധിക്കുമെന്നാണ് ക്ലബുകളുടെ ആശങ്ക. ഈ പശ്ചാത്തലത്തിലാണ് ഫിഫ മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ കോണ്‍മെബോളിനോട് ആവശ്യപ്പെട്ടത്. 

ലിയോണല്‍ മെസിയടക്കം യൂറോപ്പില്‍ കളിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്താതെ യോഗ്യതാറൗണ്ടില്‍ കളിക്കാന്‍ അര്‍ജന്റീന സമ്മതം അറിയിച്ചെങ്കിലും ബ്രസീല്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെയാണ് കോണ്‍മെബോള്‍ മത്സരങ്ങള്‍ മാറ്റിവച്ചത്. മൂന്നാം തവണയാണ് ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ മാറ്റി വയ്ക്കുന്നത്. 

നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പത്ത് പോയിന്റുളള അര്‍ജന്റീന രണ്ടും ഒന്‍പത് പോയിന്റുള്ള ഇക്വഡോര്‍ മൂന്നും സ്ഥാനത്താണ്. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ ഖത്തര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് യോഗ്യത ഉറപ്പാക്കാന്‍ മറ്റ് വന്‍കരകളിലെ ടീമുകളുമായി പ്ലേ ഓഫ് കളിക്കണം.

click me!