
തിരുവനന്തപുരം: അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും മുറുകുന്നു. അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ് കരാര്‍ ലംഘിച്ചതെന്ന കായിക മന്ത്രിയുടെയും സ്പോണ്‍സറുടെയും വാദം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് പ്രതിപക്ഷം. സര്‍ക്കാര്‍ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
മെസി ഈസ് മിസ്സിംഗ് എന്ന് കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് പരിഹസിച്ചു. വിഷയത്തിൽ കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മെസ്സിയാണ് സിപിഎമ്മിന്‍റെ സ്റ്റാർ ക്യാമ്പേയ്നർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു. മെസിയെ കൊണ്ടുവരാൻ സർക്കാരിന് ഒരു ആത്മാർത്ഥതയുമില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിലാണ് മെസ്സി വിഷയം ഉയർന്നു കേൾക്കുന്നത്. കോൺഗ്രസസിനു സ്റ്റാർ ക്യാമ്പേയ്നർമാരുണ്ട്. സിപിഎമ്മിന് നേതൃദാരിദ്ര്യമാണല്ലോ. മെസ്സിയാണ് സിപിഎമ്മിന്‍റെ സ്റ്റാർ ക്യാമ്പേയ്നർ. അതങ്ങ് ജനങ്ങളോട് തുറന്ന് പറഞ്ഞാൽ പോരെയെന്നും സംസ്ഥാന സർക്കാരിന്‍റെ പി ആർ സ്റ്റാണ്ടിന് ഏറ്റ തിരിച്ചടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മെസ്സി കേരളത്തിലേക്ക് വരുന്നു എന്ന പ്രചാരണം സർക്കാർ "തള്ളി" മറിച്ചുണ്ടാക്കിയ അപകടം എന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് സർക്കാർ വ്യക്തത വരുത്തണം. കരാർ ലംഘനം നടത്തിയത് സർക്കാർ ആണെന്ന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പറയുന്നു. അത് സത്യമെങ്കിൽ, ഗുരുതരമായ വെളിപ്പെടുത്തലാണ് അത്. ഇക്കാര്യത്തിൽ സർക്കാർ ഉത്തരം പറയണം. സർക്കാർ പണം ചെലവഴിച്ചതിൽ മറുപടി വേണം. അല്ലെങ്കിൽ പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.