മെസി പാരീസില്‍, ആവേശത്തോടെ വരവേറ്റ് ആരാധകര്‍

Published : Aug 10, 2021, 10:01 PM IST
മെസി പാരീസില്‍,  ആവേശത്തോടെ വരവേറ്റ് ആരാധകര്‍

Synopsis

 വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും.

പാരീസ്: ബാഴ്സലോണ വിട്ട അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്‍റ് ജര്‍മനില്‍(പിഎസ്‌ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനള്‍ക്കായി പാരീസിലെത്തി. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തില്‍ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എല്‍ ക്വിപ്പെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും. മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.

രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

കണ്ണീര്‍ക്കടല്‍ മെസി-ബാഴ്‌സ വഴിപിരിയല്‍

ലിയോണല്‍ മെസിയും ബാഴ്‌സലോണയും നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിലാണ് വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു.

ബാഴ്‌സയിലെ വിടവാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടിക്കരഞ്ഞു ലിയോണല്‍ മെസി. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. ബാഴ്‌സലോണയോടുള്ള ആത്മബന്ധം വ്യക്തമാക്കി വൈകാരികമായിരുന്നു മെസിയുടെ ഓരോ വാക്കുകളും. 'കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു' എന്നും വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത