ആ നേട്ടത്തിലെത്തുന്ന ആദ്യ താരം; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസി

By Web TeamFirst Published Nov 28, 2019, 11:31 AM IST
Highlights

ബാഴ്‌സലോണ കുപ്പായത്തിലെ 700-ാം മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെതിരെയാണ് മെസി ഒരു ഗോളുമായി റെക്കോര്‍ഡിട്ടത്

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ റെക്കോര്‍ഡിട്ട് ബാഴ്‌സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസി. ചാമ്പ്യന്‍സ് ലീഗില്‍ 34 വ്യത്യസ്‌ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലാണ് മെസിയെത്തിയത്. ബാഴ്‌സലോണ കുപ്പായത്തിലെ 700-ാം മത്സരത്തില്‍ ബൊറൂസ്യ ഡോര്‍ട്‌മുണ്ടിനെതിരെയാണ് മെസി ഒരു ഗോളുമായി റെക്കോര്‍ഡിട്ടത്. 

33 ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡാണ് മെസി തകര്‍ത്തത്. റയല്‍ മാഡ്രിഡിന്‍റെ മറ്റൊരു മുന്‍ താരമായ റൗളും 33 ടീമുകള്‍ക്കെതിരെ വല ചലിപ്പിച്ചിട്ടുണ്ട്. ബൊറൂസ്യക്കെതിരായ മത്സരത്തോടെ ബാഴ്‌സക്കായി 700 മത്സരങ്ങളില്‍ നിന്ന് 613 ഗോളുകളായി മെസിക്ക്. 

മെസിയും സുവാരസും ഗ്രീസ്‌മാനും വല ചലിപ്പിച്ചപ്പോള്‍ മത്സരം ഒന്നിനെതിരെ മൂന്ന് ഗോളിന് ബാഴ്‌സലോണ ജയിച്ചു. മെസിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു സുവാരസിന്‍റെ ഗോള്‍. 77-ാം മിനിട്ടിൽ സാഞ്ചോയുടെ വകയായിരുന്നു ബൊറൂസ്യയുടെ ആശ്വാസ ഗോൾ. ജയത്തോടെ ബാഴ്‌സലോണ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഗ്രൂപ്പ് എഫ് ജേതാക്കളായാണ് ബാഴ്‌സലോണയുടെ കുതിപ്പ്. 

click me!