'ടീമില്‍ കുഴപ്പങ്ങളുണ്ട്'; കേപ്പ് വെര്‍ദെക്കെതിരായ മോശം പ്രകടനത്തിന് ശേഷം ലിയോണല്‍ മെസി

Published : Jul 04, 2026, 09:39 AM IST
Argentina vs Cape Verde

Synopsis

ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെക്കെതിരെ കഷ്ടിച്ച് ജയിച്ചതിന് പിന്നാലെ ടീമിലെ പോരായ്മകളെക്കുറിച്ച് ലിയോണല്‍ മെസി തുറന്നുപറഞ്ഞു. അമിത ആത്മവിശ്വാസവും പിഴവുകളുമാണ് തിരിച്ചടിക്ക് കാരണമായതെന്നും, കിരീടം നിലനിര്‍ത്താന്‍ പ്രകടനം മെച്ചപ്പെടുത്തണമെന്നും മെസി വ്യക്തമാക്കി. 

മയാമി: ഫിഫ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേപ്പ് വെര്‍ദെയെപ്പോലെ കുഞ്ഞന്മാര്‍ക്കെതിരെ വിജയിക്കാന്‍ അര്‍ജന്റീനയ്ക്ക് അധികസമയം വരെ കാത്തിരിക്കേണ്ടി വന്നത് ടീമിന്റെ നിലവിലെ പോരായ്മകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 3-2 എന്ന സ്‌കോറിനാണ് അര്‍ജന്റീന അവസാനം ജയിച്ചുകയറിയത്. കേപ്പ് വെര്‍ദെയുടെ കരുത്തുറ്റ പ്രതിരോധത്തെ തകര്‍ക്കാന്‍ അര്‍ജന്റീനന്‍ മുന്നേറ്റനിര നന്നേ പാടുപെട്ടു. 40-കാരനായ ഗോള്‍കീപ്പര്‍ വൊസിഞ്ഞയുടെ മികച്ച പ്രകടനം അര്‍ജന്റീനയ്ക്ക് വലിയ തലവേദനയായി.

ഇപ്പോള്‍ അര്‍ജന്റീനയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മെസി... ''ഈ മത്സരം വളരെ കടുപ്പമുള്ളതായിരിക്കുമെന്ന് ഞങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. സ്‌പെയിനിനോടും ഉറുഗ്വേയോടും തോല്‍ക്കാത്ത ടീമാണ് കേപ്പ് വെര്‍ദെ എന്നത് വെറും യാദൃശ്ചികതയല്ല.'' മെസി പറഞ്ഞു. ആദ്യ ഗോള്‍ നേടിയ ശേഷം ടീം അമിത ആത്മവിശ്വാസത്തിലായതും, പന്ത് കൈവശം വെക്കുന്നതില്‍ വരുത്തിയ പിഴവുകളുമാണ് സമനില വഴങ്ങാന്‍ കാരണമെന്ന് മെസി ചൂണ്ടിക്കാട്ടി. എതിരാളികളെ ചെറുതായി കാണരുതെന്നും, നോക്കൗട്ട് ഘട്ടത്തില്‍ ആരും ഒന്നും സൗജന്യമായി തരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസിറ്റീവ് വശങ്ങള്‍

എന്തുതന്നെയായാലും, ഈ കൊടും ചൂടിലും 120 മിനിറ്റ് മൈതാനത്ത് പൊരുതിയ ടീമിന്റെ മനോവീര്യത്തെ മെസ്സി പ്രശംസിച്ചു. മികച്ച ഫുട്‌ബോള്‍ പുറത്തെടുത്തില്ലെങ്കിലും വിജയിക്കാന്‍ സാധിച്ചു എന്നത് ഒരു വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, കിരീടം നിലനിര്‍ത്തണമെങ്കില്‍ പ്രകടനം ഇനിയും മെച്ചപ്പെടുത്തണമെന്ന തിരിച്ചറിവ് അര്‍ജന്റീനന്‍ ക്യാമ്പിനുണ്ട്.

ഈ വിജയത്തിന് ശേഷം വിശ്രമത്തിനും അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കുമാണ് ടീം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഈജിപ്തിനെതിരെയുള്ള അടുത്ത മത്സരം അര്‍ജന്റീനയ്ക്ക് വലിയൊരു പരീക്ഷണം തന്നെയായിരിക്കും. കരുത്തുറ്റ ഒരു സംഘത്തിനെതിരെ തങ്ങളുടെ പോരായ്മകള്‍ പരിഹരിച്ച് മുന്നേറാന്‍ സ്‌കലോണിക്കും സംഘത്തിനും സാധിക്കുമോ എന്ന് കണ്ടറിയണം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒറ്റ ഗോളില്‍ ഘാനയുടെ വഴിയടച്ച് കൊളംബിയ പ്രീക്വാര്‍ട്ടറില്‍; വിജയമുറപ്പിച്ചത് ജോണ്‍ ഏരിയാസിന്റെ ഗോള്‍
'എളുപ്പമുള്ള വഴിയെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി'; കേപ് വെര്‍ദെക്കെതിരായ മത്സരത്തിന് പിന്നാലെ ലയണല്‍ സ്‌കലോണി