ജയത്തോടെ സെമി ഉറപ്പിക്കാന്‍ കൊമ്പുകുലുക്കിയെത്തിയ തിരുവനന്തപുരത്തെ മലപ്പുറം എഫ്‌ സി എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തു വിട്ടു! അതോടെ, സൂപ്പര്‍ ലീഗ്‌ കേരളയില്‍ അവസാന രണ്ട്‌ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള കാത്തിരിപ്പ്‌ അവസാന റൗണ്ടിലേക്ക്‌ നീണ്ടു.

മഞ്ചേരി: ജയത്തോടെ സെമി ഉറപ്പിക്കാന്‍ കൊമ്പുകുലുക്കിയെത്തിയ തിരുവനന്തപുരത്തെ മലപ്പുറം എഫ്‌ സി എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തു വിട്ടു! അതോടെ, സൂപ്പര്‍ ലീഗ്‌ കേരളയില്‍ അവസാന രണ്ട്‌ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള കാത്തിരിപ്പ്‌ അവസാന റൗണ്ടിലേക്ക്‌ നീണ്ടു. സി കെ റാഷിദ്, പൗളോ വിക്ടർ, ജോൺ കെന്നഡി എന്നിവർ മലപ്പുറത്തിനായി വലകുലുക്കി. പോയിന്റ്‌ പട്ടികയില്‍ ഒൻപത് മത്സരങ്ങളിൽനിന്ന് 17 പോയന്റുമായി മലപ്പുറം രണ്ടാമതും 11 പോയന്റുമായി കൊമ്പൻസ് നാലാമതുമാണ്.

ഈ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ കൊമ്പൻസിന് സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു. കാലിക്കറ്റ് എഫ്‌സിയും മലപ്പുറം എഫ്‌സിയും മാത്രമാണ് ഇതുവരെ സെമി യോഗ്യത നേടിയിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കുള്ള അവകാശികളെ അറിയാൻ അവസാന റൗണ്ട് വരെ കാത്തിരിക്കണം. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മലപ്പുറത്തിന് തിരിച്ചടിയേറ്റു. പരിക്കേറ്റ അബ്ദുൽ സമദിന് കളം വിടേണ്ടിവന്നു. പകരക്കാരനായി ഗ്രെയ്‌സ് ഒബിയാങ് എത്തി.

11-ാം മിനിറ്റിൽ മലപ്പുറത്തിന് ലീഡ്. ഇടതുവിങ്ങിലൂടെ മുന്നേറി സാലിം ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കൊമ്പൻസ് പ്രതിരോധം പരാജയപ്പെട്ടു. അവസരം കൃത്യമായി മുതലെടുത്ത സി കെ റാഷിദ് ചാടിവീണ് പന്ത് വലയിലെത്തിച്ചു (1–0). ലീഗിൽ മമ്പാടുകാരന്റെ നാലാം ഗോൾ. 19-ാം മിനിറ്റിൽ കൊമ്പൻസിന് സമനില നേടാനുള്ള അവസരം. അർജുനിന്റെ കാലിൽനിന്ന് പറന്ന അപ്രതീക്ഷിത ലോങ് റെയ്ഞ്ചർ മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് അർബാസ് ഇടത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി.

32-ാം മിനിറ്റിൽ ത്രോബോളിൽനിന്ന് ലഭിച്ച പന്തിൽ അർജുൻ തൊടുത്ത ഷോട്ട് മലപ്പുറം പ്രതിരോധത്തിൽ തട്ടി മടങ്ങി. റീബൗണ്ട് നിയന്ത്രണത്തിലാക്കിയ ബെൽഫോർട്ടിന്റെ ബോക്സിനുള്ളിൽനിന്നുള്ള ശ്രമം ലക്ഷ്യം കാണാതെ പോയി. അഞ്ച് മിനിറ്റിനകം സാലിമിന്റെ കൃത്യമായ പാസിൽ നെദീം ഹാദ്സിച്ച് കൊമ്പൻസ് വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്ലാഗുയർത്തി. ആദ്യപകുതി മലപ്പുറത്തിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമുകളും ഇരട്ട മാറ്റങ്ങളുമായാണ് ഇറങ്ങിയത്. മലപ്പുറം പൗളോ വിക്ടറിനെയും റിഷാദിനെയും ഇറക്കിയപ്പോൾ കൊമ്പൻസ് ജാവോ പരഡേസിനും മുഹമ്മദ് നിഷാമിനും അവസരം നൽകി. 56-ാം മിനിറ്റിൽ പരഡേസ് നടത്തിയ അപകടകരമായ മുന്നേറ്റം ഗോൾകീപ്പർ മുഹമ്മദ് അർബാസ് കാൽനീട്ടി തടഞ്ഞതോടെ മലപ്പുറം രക്ഷപ്പെട്ടു

66, 68 മിനിറ്റുകളിൽ പൗളോ വിക്ടറും ജോൺ കെന്നഡിയും സ്കോർ ചെയ്തതോടെ മലപ്പുറം മൂന്ന് ഗോളിന് മുന്നിലെത്തി. പ്രദീഷ്, ജോസഫ് ഗോർഡൻ, ഹൃതിക്ക് ആന്റണി എന്നിവരെ കൊണ്ടുവന്ന കൊമ്പൻസ് തിരിച്ചടിക്ക്‌ ശ്രമിച്ചെങ്കിലും മലപ്പുറം പ്രതിരോധം ഉറച്ചുനിന്നു. 89-ാം മിനിറ്റിൽ അർജുൻ പായിച്ച കനത്ത ഷോട്ട് മലപ്പുറത്തിന്റെ ക്രോസ് ബാറിനെ ചാരി പുറത്ത് പോയതോടെ കൊമ്പൻസിന്റെ പോരാട്ടം അവസാനിച്ചു. 16994 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച (നവംബർ 22) കാലിക്കറ്റ്‌ എഫ്സി, തൃശൂർ മാജിക് എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരുടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ (2-1) ന് കാലിക്കറ്റ്‌ വിജയിച്ചു.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP