
മയാമി: ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. ടൂര്‍ണമെന്റിലെ കന്നിക്കാരായ കേപ് വെര്‍ദെയെ അധികസമയത്ത് 3-2 എന്ന സ്‌കോറിന് മറികടന്നാണ് അര്‍ജന്റീന അവസാന എട്ടില്‍ ഇടംപിടിച്ചത്. കേപ്പ് വെര്‍ദെയുടെ കരുത്തുറ്റ പ്രകടനം അര്‍ജന്റീനയെ ശരിക്കും വിയര്‍പ്പിച്ചു. മത്സരം അനായാസമായിരിക്കുമെന്ന് കരുതിയവര്‍ക്ക് മറുപടിയായി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞത്, 'ലോകകപ്പില്‍ എളുപ്പമുള്ള നോക്കൗട്ട് മത്സരങ്ങളില്ല' എന്നാണ്.
സ്‌കലോണിയുടെ വാക്കുകള്‍... ''ഞങ്ങള്‍ക്ക് എളുപ്പമുള്ള വഴിയാണ് ലഭിച്ചതെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിത്. തീര്‍ച്ചയായും, ഞങ്ങള്‍ ജയിക്കാന്‍ അര്‍ഹരായിരുന്നു, പക്ഷേ ഇതൊരു കഠിനമായ മത്സരമായിരുന്നു. കളിക്കാര്‍ തളര്‍ന്നുപോയിരുന്നു. എന്നാല്‍ അവര്‍ ഹൃദയം കൊണ്ട് കളിച്ചപ്പോള്‍ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ അവര്‍ക്ക് സാധിച്ചു. അര്‍ജന്റീനക്കാരനാവുക എന്നാല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുക എന്നു കൂടിയാണ്. ഞങ്ങളുടെ ആരാധകര്‍ക്ക് അത് നന്നായി അറിയാം. ഈ ജേഴ്സിക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. ഞങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും '' സ്‌കലോണി മാധ്യമങ്ങളോട് പറഞ്ഞു. പിച്ച് അത്ര നല്ലതായിരുന്നില്ലെന്നും പന്ത് താന്‍ ആഗ്രഹിച്ച രീതിയില്‍ നീങ്ങിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കേപ്പ് വെര്‍ദെ രണ്ടാം തവണയും സമനില പിടിച്ചപ്പോള്‍ താന്‍ ആശങ്കയിലായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ അര്‍ജന്റീന ലീഡ് എടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ഡെറോയ് ഡുവാര്‍ട്ടെയിലൂടെ കേപ്പ് വെര്‍ദെ ഒപ്പമെത്തി. അധികസമയത്തിന്റെ തുടക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, സിഡ്നി ലോപ്പസ് കാബ്രല്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നിലൂടെ വീണ്ടും സമനില പിടിച്ചു.
തുടര്‍ന്ന് അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള നീക്കം കേപ്പ് വെര്‍ദെ താരം ഡിനി ബോര്‍ഗസിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന വിജയം ഉറപ്പിച്ചത്. അര്‍ജന്റീന, ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്തിനെ നേരിടും. ലോക ചാമ്പ്യന്മാര്‍ക്ക് ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍ കൂടുതല്‍ വെല്ലുവിളിയുടേതാകുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!