
ദോഹ: അർജന്റീന നായകൻ ലിയോണൽ മെസിയുടെ മാജിക്ക് ഖത്തറിൽ തുടരുന്നു. ലോകകപ്പ് കിരീടം നേടി അർജന്റീന സ്വന്തമാക്കിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഖത്തറിൽ ഇപ്പോഴും ആകെയൊരു മെസി മയമാണ്. ഇപ്പോൾ ഖത്തറിൽ മെസി താമസിച്ചിരുന്ന മുറി മ്യൂസിയം ആക്കി മാറ്റുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് അർജന്റീന ടീം താമസിച്ചിരുന്നത്.
പല ടീമുകളും താമസത്തിനായി ഹോട്ടലുകൾ തെരഞ്ഞെടുത്തപ്പോൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സൗകര്യങ്ങൾ മതിയെന്ന് അർജന്റീന ക്യാമ്പ് അറിയിക്കുകയായിരുന്നു. ഏറെക്കുറെ കോളജ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അതേ സൗകര്യത്തിൽ തന്നെയാണ് അർജന്റീന ടീം ലോകകപ്പ് സമയത്ത് കഴിഞ്ഞത്. മെസി ഇവിടുത്തെ ബി 201-ാം നമ്പര്‍ മുറിയിലാണ് താമസിച്ചിരുന്നത്. ലോകകപ്പിന്റെ ഏറിയ പങ്കും മെസി ഒറ്റയ്ക്കാണ് ഈ മുറിയിൽ കഴിഞ്ഞത്.
പിന്നീട് പ്രത്യേക അതിഥിയായി ക്യാമ്പിലേക്ക് മുൻ താരം സെർജിയോ അഗ്വൂറോ എത്തിയപ്പോൾ അദ്ദേഹവും ഇവിടെ തന്നെയാണ് താമസിച്ചത്. ഈ മുറി ഇനി മറ്റാര്‍ക്കും താമസത്തിന് നല്‍കില്ലെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റി പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ ഹിത്മി അല്‍ ഹിത്മി അറിയിച്ചു. മെസി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി തന്നെ ഇപ്പോൾ മുറിയിൽ നിലനിര്‍ത്തിയിട്ടുണ്ട്. അര്‍ജന്റീന ടീമിന്റെ താമസത്തിനായി യൂണിവേഴ്‌സിറ്റി ഈ ഹോസ്റ്റലിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ചും അർജന്റീന പതാക നാട്ടിയുമൊക്കെയാണ് മുറി സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം, അർജന്റൈൻ നായകൻ ലിയോണൽ മെസി ജനുവരി മൂന്നിന് തന്റെ ക്ലബ്ബായ പിഎസ്ജിക്കൊപ്പം ചേരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പുതുവർഷവും അർജന്റീനയിൽ തന്നെ ആഘോഷിച്ച ശേഷമാകും മെസി തിരികെ പാരീസിലെത്തുക. ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയിൽ തന്റെ രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം ചേരാനായി മെസി പറന്നിരുന്നു. എന്തായാലും താരത്തിന് അതിവേഗം പാരീസിലേക്ക് മടങ്ങിയെത്താൻ ആഗ്രഹമില്ലെന്നാണ് റിപ്പോർട്ടുകൾ. ജനുവരി മൂന്നിന് പാരീസിൽ എത്തിയാൽ 11നുള്ള മത്സരത്തിലാകും മെസി പിഎസ്ജിക്കായി കളത്തിലിറങ്ങുക. ലോകകപ്പ് ഫൈനലിൽ കളിച്ചെങ്കിലും ഇതിനകം ഫ്രാൻസ് താരം കിലിയൻ എംബാപ്പെ പിഎസ്ജിക്കൊപ്പം ചേർന്നു കഴിഞ്ഞു.